ന്യൂഡല്‍ഹി: ബ്രിജ് ഭൂഷണ് എം പിക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നടപടി ആവശ്യപ്പെട്ട് ജന്തര്‍മന്ദറില്‍ നിന്ന് പാര്‍ലമെന്റിലേക്കുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. വിനേഷ് ഫൊഗട്ടും, ബജ്റംഗം പൂനിയയും സാക്ഷി മാലിക്കും അടക്കമുള്ളവരാണ് മാര്‍ച്ച് നയിച്ചത്. താരങ്ങളെ പോലീസ് ബലം പ്രയോഗിച്ച് നീക്കി.
സുരക്ഷയ്ക്കായി സ്ഥാപിച്ച ബാരിക്കേഡുകള്‍ ചാടിക്കടന്നും പ്രതിഷേധക്കാര്‍ മുന്നോട്ടു പോയി. സാക്ഷിമാലിക്കിനെയും വിനേഷ് ഫോഗട്ടിനെയും പോലീസ് അറസ്റ്റു ചെയ്തു. താരങ്ങളെ കൈയ്യേറ്റം ചെയ്തതായും പരാതിയുണ്ട്. പ്രതിഷേധം തടയാന്‍ വന്‍ പൊലീസ് സന്നാഹത്തെയാണ് ഏര്‍പ്പെടുത്തിയിരുന്നതെങ്കിലും അവരെ മറികടന്നാണ് താരങ്ങള്‍ മുന്നോട്ട് നീങ്ങിയത്.
താരങ്ങളെ അറസ്റ്റ് ചെയതതോടെ പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ വളഞ്ഞ പൊലീസ് അവരെ വഴിച്ചിഴച്ച് നീക്കം ചെയ്തു. നൂറിലേറെ പേരാണ് ജന്തര്‍ മന്ദറില്‍ എത്തിയത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് സമീപത്തേക്ക് പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ പോലീസ് അനുവദിച്ചില്ലെങ്കില്‍ പോലീസ് തടയുന്നിടത്ത് വെച്ച് മഹിളാ സമ്മാന്‍ മഹാപഞ്ചായത്ത് നടത്തുമെന്നാണ് താരങ്ങൾ അറിയിച്ചത്.
അതേസമയം, തങ്ങള്‍ ബാരിക്കേഡ് തകര്‍ത്തിട്ടില്ലെന്ന് ഗുസ്തി താരം ബജ്റംഗ് പുനിയ പ്രതികരിച്ചു. പാര്‍ലമെന്റിലേക്ക് പോകാന്‍ പോലീസ് അനുവദിച്ചില്ല. തുടര്‍ന്ന് ചില പ്രതിഷേധക്കാര്‍ ബാരിക്കേഡ് ചാടി മുന്നോട്ട് നീങ്ങുകയായിരുന്നു. സമരത്തിന് പിന്തുണയുമായെത്തിയ കര്‍ഷകരെ ഡല്‍ഹി അതിര്‍ത്തികളെ പോലീസ് തടഞ്ഞു.