തിരുവനന്തപുരം: ചില ചാനലുകള്‍ കാണിക്കുകയും ചില പത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ഒരു വാര്‍ത്ത ഓരോ മലയാളിയും ശ്രദ്ധിക്കേണ്ടതാണ്. സ്കൂള്‍ ഉച്ച ഭക്ഷണ പദ്ധതിയില്‍ കേരളത്തിന്റെ കണക്ക് അസംഭവ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണം എന്നാണ് ആ വാര്‍ത്ത. പ്രധാനമന്ത്രിയുടെ പോഷണ്‍ പദ്ധതിയുടെ പ്രോജക്റ്റ് അപ്രൂവല്‍ ബോര്‍ഡ് യോഗത്തില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അവതരിപ്പിച്ച കണക്ക് ആണത്രെ കേന്ദ്ര സര്‍ക്കാറിന് അസംഭവ്യമായി തോന്നിയത്.
വിദ്യാഭ്യാസ വകുപ്പിന് വേണ്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ആണ് മെയ് 5ന് നടന്ന യോഗത്തില്‍ കേരളത്തിന്റെ കണക്ക് അവതരിപ്പിച്ചത്. ആ കണക്ക് കേന്ദ്ര ഉദ്യോഗസ്ഥര്‍ക്ക് ബോധിക്കുന്നില്ല. അതവര് മിനുട്സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യഥാര്‍ഥ വസ്തുത പഠിക്കാന്‍ കേന്ദ്ര സംഘം വരുന്നുമുണ്ടത്രെ. എന്തുകൊണ്ട് കേരളത്തിന്റെ കണക്ക് കേന്ദ്ര സര്‍ക്കാറിന് വിശ്വസനീയമല്ലാതായി തോന്നുന്നു. അത് മറ്റൊന്നും കൊണ്ടല്ല, ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അത്യന്തം ദയനീയമാണ് ഉച്ചക്കഞ്ഞി വിതരണം എന്നതുകൊണ്ട് തന്നെ. ആ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കണക്ക് പരിശോധിക്കുന്നവര്‍ക്ക് കേരളത്തിലെ കണക്ക് അസംഭവ്യമെന്ന് തോന്നുന്നത് സ്വാഭാവികം.
എന്താണ് കേരളം എന്ന് മനസിലാക്കാത്തുകൊണ്ടാണുമിത്. കേരള സ്റ്റോറി എന്ന പേരില്‍ പുറത്തിറക്കിയ സംഘപരിവാര്‍ പ്രൊപ്പഗണ്ട സിനിമയിലെ വ്യാജ കഥകളാണ് യഥാര്‍ഥ കേരള സ്റ്റോറി എന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത്ഷായും ഉള്‍പ്പെടെ പരസ്യമായി പ്രചരിപ്പിക്കുമ്പോള്‍ കേരളത്തില്‍ നടക്കുന്ന ഇത്തരം ക്ഷേമപ്രവര്‍ത്തനങ്ങള്‍ വിശ്വസിക്കാന്‍ അവരുടെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ക്കും കഴിയാതെ പോകുന്നുവെന്നതാണ് യാഥാര്‍ഥ്യം.
32,000 ഹിന്ദു യുവതികളെ ലൗ ജിഹാദിലൂടെ മതം മാറ്റി സിറിയയിലേക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കടത്തിക്കൊണ്ട് പോയി എന്നതുള്‍പ്പെടെയുള്ള പച്ചനുണകള്‍ വിശ്വസിച്ച് കേരളത്തെ ഒരു ഭീകരവാദ സംസ്ഥാനമായി വരെ വിശ്വസിക്കുന്നവരുടെ മുന്നില്‍ കേരളത്തിന്റെ യഥാര്‍ഥ സ്റ്റോറികള്‍ അമ്പരപ്പുണ്ടാക്കുന്നതിന്റെ തെളിവാണ് ഉച്ചഭക്ഷണ പദ്ധതിയില്‍ അവര്‍ കാണുന്ന ‘അസംഭവ്യത’.
കഴിഞ്ഞ അധ്യയന വര്‍ഷം കേരളത്തിലെ സ്കൂളുകളില്‍ 13,611 പാചകക്കാരെയാണ് നിയോഗിച്ചത്. പ്രൈമറി തലത്തില്‍ 99 ശതമാനം കുട്ടികളിലേക്കും അപ്പര്‍ പ്രൈമറി തലത്തില്‍ 95 ശതമാനം വിദ്യാര്‍ഥികള്‍ക്കും ഉച്ചഭക്ഷണം നല്കി. ഇങ്ങനെ 28, 36,394 (28.36 ലക്ഷം) കുട്ടികള്‍ക്കാണ് ഉച്ചഭക്ഷണം നല്‍കിയത്. അങ്കണവാടികളില്‍ 85 ശതമാനം കുട്ടികള്‍ക്കും ഉച്ചഭക്ഷണം നല്കി. ഈ കണക്ക് കേരളത്തിനു പുറത്തുള്ളവര്‍ക്ക് അവിശ്വസനീയമാകും.
കാരണം മറ്റ് മിക്ക സംസ്ഥാനങ്ങളിലും മൂന്നിലൊന്ന് കുട്ടികള്‍ക്ക് പോലും ഉച്ചഭക്ഷണം ലഭിക്കുന്നില്ല എന്ന് മാത്രമല്ല, കേരളത്തില്‍ കുട്ടികള്‍ക്ക് നല്‍കുന്നത് മറ്റ് സംസ്ഥാനങ്ങളിലെ പോലെ കഞ്ഞിയും പയറുമല്ല. മറിച്ച് ചോറും കറിയും തോരനുമുള്പ്പെടെയുള്ള മെച്ചപ്പെട്ട ഭക്ഷണമാണ്. ഓണം, ക്രിസ്തുമസ് ഉള്‍പ്പെടെ അവധി വേളകളില്‍ ആ ദിവസങ്ങളിലേക്ക് കണക്കാക്കി ഓരോ കുട്ടിക്കും അഞ്ച് കിലോ വീതം അരി നല്കുന്ന സംസ്ഥാനമാണ് കേരളം. സാക്ഷാല്‍ യോഗി ആദിത്യനാഥിന്റെ യുപിയില്‍ ഉച്ച ഭക്ഷണത്തിന് പകരം വെറും കഞ്ഞിവെള്ളം വിതരണം ചെയ്തത് റിപ്പോര്‍ട്ട് ചെയ്തതിന് പ്രാദേശിക മാധ്യമപ്രവര്‍ത്തകനെ ജയിലിലടച്ച സംഭവം ഈ അവസരത്തില്‍ ഓര്‍ക്കണം.
കേരളത്തിന്റെ കണക്ക് പരിശോധിക്കാന്‍ കേന്ദ്ര സംഘത്തെ അയക്കേണ്ട കാര്യമില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആര്‍എസ്എസ് ശാഖകളുള്ള സംസ്ഥാനങ്ങളിലൊന്നായാണ് കേരളത്തെ സംഘപരിവാര്‍ കണക്കാക്കുന്നത്. ആ നിലയില്‍ ആര്‍എസ്എസിന്റെ അണ്ടിമുക്ക് ശാഖയിലെ ഏതെങ്കിലും സംഘിയോട് ചോദിച്ചാല്‍ പോലും ഇക്കാര്യത്തില്‍ സത്യം പറയാതിരിക്കാനാകില്ല. കേരളത്തിനെതിരെ വിഷലിപ്തമായ പ്രചാരണങ്ങള്‍ നടത്തുന്ന ഈ ആര്‍എസ്എസുകാരുടെ മക്കള്‍ക്കും ഉച്ചഭക്ഷണം കിട്ടുന്നുണ്ടോ എന്ന് ചോദിച്ചാല്‍ മാത്രം മതി.
ഓണത്തിനും ക്രിസ്തുമസിനും 5 കിലോ വീതം അരി കിട്ടിയോ എന്നും അന്വേഷിച്ചാല്‍ തന്നെ ഉത്തരം കിട്ടും. ഇങ്ങനെ കേരളത്തിലങ്ങോളമിങ്ങോളമുള്ള മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ഉച്ച ഭക്ഷണം കിട്ടുന്നുണ്ടെന്നത് ഏതൊരു മലയാളിക്കും സാക്ഷ്യപ്പെടുത്താന്‍ കഴിയും. അതിനെയും ഇകഴ്ത്തിക്കാട്ടാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും കാണാതെ വയ്യ.
ഇതിനെല്ലാമുള്ള മറുപടിയാണ് കഴിഞ്ഞ ദിവസം ദി ഹിന്ദു പ്രസിദ്ധീകരിച്ച വാര്‍ത്ത. രാജ്യത്ത് 14.7 ശതമാനം പ്രൈമറി സ്കൂളുകളിലും കേവലം ഒരധ്യാപകന് മാത്രമാണുള്ളത് എന്നതാണത്. അതായത് ഏഴ് സ്കൂളുകളില്‍ ഒന്നിലെങ്കിലും ഒരധ്യാപകന് അല്ലെങ്കില്‍ അധ്യാപിക മാത്രം. അതുമാകട്ടെ നിശ്ചിത വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്ത താല്‍ക്കാലിക ദിവസക്കൂലിക്കാര്‍. വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമം വന്ന് 14 വര്‍ഷം കഴിഞ്ഞിട്ടും ഈ ദയനീയാവസ്ഥയില്‍ നിന്നും കരകയറാന്‍ കഴിഞ്ഞിട്ടില്ല. ജാര്‍ഖണ്ഡില്‍ ഒന്നുമുതല്‍ എട്ട് വരെ ഡിവിഷനുകളും 100 മുതല്‍ 120 വരെ കുട്ടികളുമുള്ള നിരവധി സ്കൂളുകളില്‍ ഇങ്ങനെ ഒരു അധ്യാപകന് അല്ലെങ്കില്‍ അധ്യാപിക മാത്രമാണുള്ളതെന്നും ദി ഹിന്ദു സ്കൂളിന്റെ പേര് സഹിതം റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാണ്ട് മൂന്നിലൊന്ന് സ്കൂളുകളിലും ഒരാള്‍ മാത്രം.
ഈ റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ കാര്യവും വിശദമായി പറയുന്നുണ്ട്. കേരളത്തില്‍ ഏകാംഗ അധ്യാപക അനുപാതം വെറും നാല് ശതമാനമാണ് എന്ന് വ്യക്തമാക്കുന്നു. അത്തരം സ്കൂളുകളില്‍ കുട്ടികളുടെ എണ്ണമാകട്ടെ പത്തില്‍ താഴെ മാത്രവുമാണ്. അത് മാത്രമല്ല ആകെ വിദ്യാഥര്ഥികളുടെ ഒരു ശതമാനത്തിലും താഴെ നിന്നുകൊണ്ട് ഇക്കാര്യത്തിലും കേരളം നമ്പര്‍ വണ്‍ ആയി തല ഉയര്‍ത്തി നില്ക്കുന്നു.
കേരളത്തിന്റെ കാര്യത്തില്‍ ഇതില്‍ ചില തിരുത്തലുകള്‍ കൂടി ഉണ്ട്. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം കേരളത്തിലെ ആദിവാസി സെറ്റിള്
ല്മെന്റുകളിലും മറ്റുമായി 272 ഏകാധ്യാപക വിദ്യാലയമാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയത്. എന്നാല്‍ നിശ്ചിത കാലയളവിന് ശേഷം ഈ സ്കൂളുകള്‍ക്കും അധ്യാപകര്‍ക്കും കേന്ദ്ര ഫണ്ട് നിര്‍ത്തി.
എന്നിട്ടും അത്തരം വളണ്ടിയര്‍മാരെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരായി വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് വിവിധ തസ്തികകളില്‍ സ്ഥിരം ജീവനക്കാരായി നിയോഗിച്ചു. ആ വിദ്യാര്‍ഥികളെ മുഴുവന്‍ പൊതുവിദ്യാലയത്തിന്റെ ഭാഗമാക്കി. ആ കണക്ക് കൂടി പരിശോധിച്ചാല്‍ ഒരു പക്ഷെ, കേരളത്തിലെ ഏകാധ്യാപക വിദ്യാലയങ്ങളുടെ അനുപാതം പൂജ്യത്തില്‍ തന്നെ എത്തുമെന്നതും വസ്തുതയാണ്.