ദില്ലി: ഡൽഹിയിൽ ഭരണപരമായ അധികാരം ഡൽഹി സർക്കാരിനെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. പോലീസ്, ലാൻഡ്, പബ്ലിക് ഓർഡർ എന്നിവ ഒഴിച്ചുള്ള അധികാരങ്ങൾ സംസ്ഥാനത്തിനാണെന്ന് സുപ്രീം കോടതി വിധിച്ചു. അരവിന്ദ് കേജ്രിവാൾ സർക്കാരും ലഫ്റ്റ്നന്റ് ഗവർണറും തമ്മിൽ വർഷങ്ങളായി തുടരുന്ന തർക്കത്തിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
പരമാധികാരം തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരിനാണെന്നും ഗവർണർക്കല്ലെന്നും സുപ്രീംകോടതി പരാമർശിച്ചു. കോടതി വിധി കേന്ദ്ര സർക്കാരിന് വലിയ തിരിച്ചടിയായി. ദില്ലിയിലെ സിവിൽ സർവീസ് ഓഫിസർമാരുടെ നിയമനങ്ങളിലും സ്ഥലംമാറ്റ നടപടികളിലും തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണോ അതോ ദില്ലി സർക്കാരോ എന്ന തർക്കത്തിന് ഉൾപ്പെടെയാണ് ഇന്ന് വിരാമമായത്. ലഫ്റ്റനന്റ് ഗവർണറെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ ഡൽഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന് ആരോപിച്ച് ഡൽഹി സർക്കാർ നൽകിയ ഹർജിലാണ് വിധി പ്രസ്താവം.
ഭരണഘടനയുടെ ആർട്ടിക്കിൾ 239 എ (എ) അനുസരിച്ച് പ്രവർത്തിക്കാനുള്ള അധികാരം ഡൽഹി സർക്കാരിനുണ്ടെന്നാണ് സുപ്രിംകോടതി വ്യക്തമാക്കുകയായിരുന്നു. 2019ൽ സുപ്രിംകോടതി ഇതുമായി ബന്ധപ്പെട്ട് പാസാക്കിയ ഉത്തരവിനോട് ഇന്ന് സുപ്രിംകോടതി വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.