ന്യൂ ഡൽഹി: 49 സൈനികർക്ക് ജീവൻ നഷ്ടമായ പുൽവാമ ദീകരാക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ കാശ്മീർ ഗവർണർ സത്യപാൽ മാലിക്ക്. മാലിക്കിൻ്റെ വെളിപ്പെടുത്തൽ പ്രതിരോധത്തിലായി ബിജെപിയെയും കേന്ദ്ര സർക്കാറിനെയും പ്രതിരോധത്തിലാക്കി. ആരോപണത്തിൽ പ്രതികരിക്കാൻ ബിജെപി ഇതുവരെ തയ്യാറായിട്ടില്ല. കേന്ദ്ര സർക്കാരും മൗനം തുടരുകയാണ്.
അതേസമയം, പുൽവാമ ഭീകരാക്രമണവിഷയം രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. സത്യപാൽ മാലിക്കിൻ്റെ ആരോപണം ഗൗരവമേറിയതാണെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
പുൽവാമ ഭീകരാക്രമണത്തിന് കാരണമായത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻ്റെ വീഴ്ചയാണെന്ന ഗുരുതര ആരോപണമാണ് സത്യപാൽ മാലിക് ഉന്നയിക്കുന്നത്. ജവാന്മാരെ കൊണ്ടുപോകാൻ സിആർപിഎഫ് വിമാനം ആവശ്യപ്പെട്ടെന്നും എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിരസിച്ചെന്നും അദ്ദേഹം പറഞ്ഞു. ഈ വീഴ്ച മറച്ചുവെക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും തന്നോട് നേരിട്ട് ആവശ്യപ്പെട്ടുവെന്നും സത്യപാൽ മാലിക് വെളിപ്പെടുത്തി. കശ്മീരിനെ കുറിച്ച് മോദിക്ക് ഒന്നും അറിയില്ലെന്നും രാജ്യത്ത് നടക്കുന്ന അഴിമതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യാതൊരു പ്രശ്നമില്ലെന്നും സത്യപാൽ മാലിക്ക് പറഞ്ഞു.
2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലുള്ള അവന്തിപോറയിൽ ഭീകരാക്രമണം നടന്നത്. സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തിൽ 49 ജവാന്മാർക്കാണ് ജീവൻ നഷ്ടമായത്. കേന്ദ്ര റിസർവ് പോലീസ് സേനയിലെ 2500 ഓളം സൈനികർ 78 ബസുകളിലായി ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് പോകുകയായിരുന്നു. ഇതിനിടെ ദേശീയപാത 44 ൽ അവന്തിപുരയ്ക്കടുത്ത് സ്ഫോടന വസ്തുക്കൾ നിറച്ച സ്കോർപിയോ വാൻ വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറി. ഉഗ്രസ്ഫോടനത്തിൽ ബസ് ചിന്നിച്ചിതറി. നാൽപത്തിയൊൻപത് സൈനികർ തൽക്ഷണം മരിച്ചു.