ബംഗളൂരു: പശുക്കടത്ത് ആരോപിച്ച് രാജ്യത്ത് വീണ്ടും അരുംകൊല. മാണ്ട്യയിലെ ഇദ്രിസ് പാഷ (30)യെന്ന മുസ്ലിം യുവാവിനെയാണ് ഹിന്ദുത്വതീവ്രവാദികൾ ക്രൂരമായി അടിച്ചു കൊന്നത്. ബംഗളൂരുവിൽ നിന്ന് 20 കിലോമീറ്റർ അകലെ രാമനാഗര സത്തനൂർ പോലീസ് സ്റ്റേഷന് മുന്നിൽ വെള്ളി അർധരാത്രിയാണ് സംഭവം. ഇദ്രിസിൻ്റെ കൂടെയുണ്ടായിരുന്ന ഡ്രൈവർ സയ്യിദ് സഹീറിനെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് നിഷ്ഠൂര കൃത്യം പുറത്ത് വന്നത്.
അതേസമയം, പ്രതികൾക്കെതിരെ കേസെടുക്കാൻ പൊലീസ് ആദ്യം മടിച്ചു. പിന്നീട് ഇദ്രിസിൻ്റെ മൃതദേഹവുമായി പ്രതിഷേധം രേഖപ്പെടുത്തി കുടുംബം രംഗത്ത് വന്നതോടെയാണ് പോലീസ് കേസെടുത്തത്. മുഖ്യപ്രതി പുനീത് കാരേഹള്ളി ഉൾപ്പടെ മൂന്നുപേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. പുനീത് ബിജെപി നേതാക്കളുടെ ഉറ്റസുഹൃത്തു കൂടിയാണ്. കർണാടകയിൽ നിന്ന് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും കന്നുകാലികളെ സ്ഥിരമായി കൊണ്ടുപോകുന്നയാളാണ് ഇദ്രിസ്. വെള്ളി രാത്രി പതിവുപോലെ വാഹനത്തിൽ കന്നുകാലികളുമായി പോകവെയാണ് സംഘത്തിൻ്റെ ആക്രമണമുണ്ടായത്.
വാഹനം തടഞ്ഞ അക്രമികളെ രേഖകൾ കാണിച്ചെങ്കിലും പുനീത് രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടു. ഇത് നൽകാതിരുന്നതോടെ പാകിസ്ഥാനിലേയ്ക്ക് പോകാൻ ആക്രോശിച്ച് മൃഗീയമായി മർദ്ദിച്ചു. ഇദ്രിസും സഹീറും ഓടിയെങ്കിലും സംഘം പിന്തുടർന്ന് ആക്രമിച്ചു. 2022ൽ ബിജെപി സർക്കാർ പാസാക്കിയ കന്നുകാലി കശാപ്പുനിരോധന നിയമത്തിൻ്റെ മറവിൽ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം ദിനംപ്രതി വർധിച്ചു വരികയാണ്. 10 വർഷത്തിനിടെ 82 സംഭവങ്ങളിലായി 43 മനുഷ്യരെയാണ് പശു സംരക്ഷണത്തിൻ്റെ പേരു പറഞ്ഞ് സംഘപരിവാർ കൊന്നത്. ആക്രമണങ്ങളിൽ 145 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ രണ്ട് സംഭവമൊഴികെ എല്ലാം നടന്നത് മോദി അധികാരത്തിലെത്തിയ ശേഷമാണ്. ഏറ്റവും ഒടുവിലത്തെ ഇരയാണ് ഇദ്രിസ് പാഷ.