ന്യൂഡൽഹി: ഭീമമായ വായ്പകൾ എടുത്ത് തിരിച്ചടക്കാതെ കേന്ദ്ര സർക്കാരിൻ്റെ സ്വന്തക്കാരായ വൻകിട കോർപറേറ്റുകൾ മുങ്ങിയപ്പോൾ പ്രതിസന്ധിയിലായ പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ ഉയർന്ന വിലയ്ക്ക് വാങ്ങി കേന്ദ്ര സർക്കാർ. കിട്ടാക്കടം കുതിച്ചുയർന്നതോടെ വൻ പ്രതിസന്ധിയിലേക്കാണ് പല പൊതുമേഖലാ ബാങ്കുകളും കൂപ്പുകുത്തിയത്. ഈ ബാങ്കുകളുടെ ഓഹരികൾ യഥാർഥ നിരക്കിനെക്കാൾ ഉയർന്ന വില കൊടുത്ത് വാങ്ങിയതിലൂടെ കേന്ദ്ര ഖജനാവിന് വന്നത് ഭീമമായ നഷ്ടം. ഡോ. ജോൺ ബ്രിട്ടാസ് എംപിക്ക് രാജ്യസഭയിൽ ധനകാര്യമന്ത്രാലയം നൽകിയ മറുപടിയിലാണ് പൊതുമേഖലാ ബാങ്കുകളുടെ പേരിൽ കേന്ദ്ര ഗവൺമെന്റ് നടത്തിയ കോർപറേറ്റ് സേവ തുറന്നു സമ്മതിക്കുന്നത്.
വായ്പാ കുടിശ്ശികയും മറ്റും ഉണ്ടാക്കുന്ന ആഘാതങ്ങളിൽ നിന്നും ബാങ്കുകൾ സുരക്ഷിതമാണെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നുണ്ട്. എന്നാൽ കോർപ്പറേറ്റ് വമ്പൻമാർക്ക് ചങ്ങാത്ത മുതലാളിത്തത്തിൻ്റെ ഭാഗമായി നൽകിയ വൻകിട വായ്പകൾ തിരിച്ചടക്കാത്തതിനെ തുടർന്ന് പൊതുമേഖലാ ബാങ്കുകൾ കടക്കെണിയിലായി എന്നതാണ് യാഥാർഥ്യം. ഈ ബാങ്കുക രക്ഷപ്പെടുത്തുന്നതിന് ജനങ്ങളുടെ നികുതി പണം എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്നും ധനമന്ത്രാലയത്തിൻ്റെ മറുപടി വ്യക്തമാക്കുന്നു.
അഞ്ചുവർഷത്തെ പൊതുമേഖലാ ബാങ്കുകളുടെ ഓഹരി വില്പന കണക്കുകൾ പരിശോധിച്ചാൽ തന്നെ ഊതിപെരുപ്പിച്ച നിരക്കുകളിലാണ് കേന്ദ്രം ബാങ്ക് ഓഹരികൾ വാങ്ങിയതെന്ന് വ്യക്തമാകും. 2018 മാർച്ചിൽ ഓഹരി ഒന്നിന് 165.32 രൂപയ്ക്ക് കേന്ദ്രം വാങ്ങിയ ബാങ്ക് ഓഫ് ഇന്ത്യയുടെ നിലവിലെ ഓഹരി വില 73.44 രൂപയാണ്. 2018 മാർച്ചിൽ 163.38 രൂപയ്ക്ക് വാങ്ങിയ പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ നിലവിലെ ഓഹരി വില വെറും 47.82 രൂപ മാത്രം. കേന്ദ്ര സർക്കാർ 12 ബാങ്കുകളുടെ നിലവിലെ ഓഹരി വില വെളിപ്പെടുത്തിയപ്പോൾ ഒമ്പതിലും നിലവിലെ ഓഹരി വില കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടയിൽ കേന്ദ്രം വാങ്ങിയ ഓഹരി വിലയേക്കാൾ കുറവാണെന്ന് കാണാം. കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടയിൽ ഓഹരി വാങ്ങുന്നതിനായി എത്ര രൂപചെലവഴിച്ചു എന്നോ മൊത്തം എത്ര ഓഹരികൾ വാങ്ങിയെന്നോ ഉള്ള കണക്ക് വെളിപ്പെടുത്താതെ കേന്ദ്രം ഒഴിഞ്ഞു മാറി. കേന്ദ്രം ഓഹരി വാങ്ങിയ സമയത്തെ യഥാർത്ഥ കമ്പോള വിലയും മറുപടിയിൽ വെളിപ്പെടുത്തിയിട്ടില്ല.
പഞ്ചാബ് നാഷണൽ ബാങ്ക് പ്രതിസന്ധിയിലായതിനെ തുടർന്ന് 2018 മാർച്ചിൽ ഓഹരി ഒന്നിന് 163.38 രൂപ നിശ്ചയിച്ച് 5500 കോടി രൂപ കേന്ദ്രം നൽകി. ആ ഓഹരിയുടെ അന്നത്തെ യഥാർത്ഥ കമ്പോള വില 113 രൂപ മാത്രമായിരുന്നു. ഇപ്പോഴത് 47.82 രൂപയിൽ എത്തി നിൽക്കുന്നു. സമാന അവസ്ഥയാണ് മിക്ക ബാങ്കുകളുടെ ഓഹരി വിലയിലും ഉള്ളത്. പതിനായിരക്കണക്കിന് കോടി രൂപ ഈ ഇനത്തിൽ നികുതിപണത്തിൽ നിന്നും ചെലവാക്കിയിട്ടുണ്ടെന്ന് ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി. പൊതുമേഖലാ ബാങ്കുകളുടെ നഷ്ടം നികത്താൻ പൊതുജനങ്ങളുടെ നികുതിപണം എങ്ങനെയാണ് ദുരുപയോഗം ചെയ്യപ്പെട്ടത് എന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും പൊതുജനവിശ്വാസവും വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.