തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് എന്നും തുരങ്കം വെയ്ക്കുന്ന കോൺഗ്രസ് ഇത്തവണയും പതിവ് തെറ്റിച്ചില്ല. കോൺഗ്രസ് എംപിമാരായ ടിഎൻ പ്രതാപനും കൊടിക്കുന്നിൽ സുരേഷും ദേശീയ പാത വികസനത്തിനെതിരെയാണ് രംഗത്ത് വന്നത്. NH 66 ദേശീയ പാതയുടെ വീതി കൂട്ടുന്നതിനെതിരെ ടി എൻ പ്രതാപൻ എംപിയും തിരുവനന്തപുരം അങ്കമാലി എംസി റോഡിന് സമാന്തരമായി നാലുവരി ഗ്രീൻഫീൽഡ് പാത നിർമ്മിക്കുന്നതിനെതിരെ കൊടിക്കുന്നിൽ സുരേഷ് എം.പിയും കേന്ദ്രത്തിന് കത്ത് നൽകുകയായിരുന്നു. അനാവശ്യമായ വികസനം എന്നാണ് ഇരുവരുടെയും വാദം.
സംസ്ഥാന റോഡ് ഗതാഗതത്തിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കൈകൊണ്ട് വികസനപാതയിലൂടെ കേരളം മുന്നേറുമ്പോഴാണ് വികസന വിരോധികളായ കോൺഗ്രസ് എംപിമാർ രംഗത്ത് വന്നത്. എൻ എച്ച് 66 ദേശീയ പാതയുടെ വികസനത്തിൻ്റെ ഭാഗമായി വീതി കൂട്ടുന്നത് ശരിയായ നടപടിയല്ല. 45 മീറ്റർ വീതിക്ക് പകരം 30 മീറ്ററിന്റെ ആവശ്യമേയുള്ളൂ എന്നും പദ്ധതി നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ എംപി കേന്ദ്രത്തിന് കത്ത് നൽകി.
തിരുവനന്തപുരം മുതൽ അങ്കമാലി വരെ എം സി റോഡ് വികസിപ്പിച്ചു നവീകരിക്കുന്നതിനു പകരം സാമാന്തരമായി മറ്റൊരു നാലുവരി പാത നിർമിച്ചാൽ എംസി റോഡിൻ്റെ പ്രാധാന്യം കൊണ്ട് വികസിച്ചു വന്ന ടൗണുകളും, ജംഗ്ഷനുകളും നാശത്തിൻ്റെ വക്കിലേക്ക് പോകുന്ന സ്ഥിതി സംജാതമാകും.
നിർദിഷ്ട സമാന്തര ഗ്രീൻ ഫീൽഡ് ഹൈവേ നിർമ്മാണ നീക്കം ഉപേക്ഷിക്കണം എന്നും സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തു നിന്നുള്ള സമ്മർദ്ദം തള്ളി കളയണം നിലവിലെ നാഷണൽ ഹൈവേ പാതകളും, സംസ്ഥാന പാതകളും, ഉപ പാതകളും, മെച്ചപ്പെട്ട രീതിയിൽ പുനർ നിർമിച്ചു വികസനം നടത്തി യാത്ര ഗതാഗത മെച്ചപ്പെടുത്തുന്നതിനു പകരം കോടി കണക്കിന് രൂപ അനാവശ്യമായി ചിലവഴിച്ചു പുതിയ പാതകൾ കൊണ്ട് വരുന്നത് കേരളം പോലെ ഒരു കൊച്ചു സംസ്ഥാനത്തിന് താങ്ങാവുന്നത് അല്ലെന്നാണ് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ വാദം.