തിരുവനന്തപുരം: സാംക്രമിക രോഗങ്ങൾ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് അതിർത്തി സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പുകൾ പരസ്പര സഹകരണത്തോടെ പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിർത്തി ജില്ലകളിലെ ആരോഗ്യ പ്രവർത്തകർ ഡേറ്റ പങ്കിടൽ, മുൻകൂർ അപായ സൂചനകൾ നൽകൽ, സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ തയ്യാറാക്കൽ, പ്രാദേശികമായുള്ള അവബോധ സാമഗ്രികളുടെ വികസനം, ആവശ്യമുള്ളപ്പോൾ കണ്ടെയ്ൻമെന്റ്, ക്വാറന്റൈൻ മാർഗനിർദ്ദേശങ്ങൾ നടപ്പിലാക്കൽ എന്നീ മേഖലകളിൽ പരസ്പരം ബന്ധപ്പെടണമെന്നും മന്ത്രി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളുടെ ബോർഡർ മീറ്റിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പലതരം സാംക്രമിക രോഗങ്ങൾ മുമ്പെങ്ങുമില്ലാത്തവിധം വെല്ലുവിളി ഉയർത്തുന്നുണ്ട്. ഉഷ്ണമേഖലകാലാവസ്ഥാ വ്യതിയാനം, ആന്റിമൈക്രോബയൽ പ്രതിരോധം, കീടനാശിനി പ്രതിരോധം എന്നിവയെല്ലാം രോഗവ്യാപനത്തിന് കാരണമായിട്ടുണ്ട്. ക്ഷയം, മലേറിയ, എച്ച്1 എൻ1, ഇൻഫ്ളുൻസ, കോവിഡ്-19 തുടങ്ങിയ രോഗങ്ങളുടെ പ്രതിരോധത്തിൽ അയൽ സംസ്ഥാനങ്ങൾ നന്നായി പ്രവർത്തിക്കുന്നു. ഏകാരോഗ്യം എന്ന ആശയം ഉൾക്കൊണ്ട് സഹകരണം നിലനിർത്തുകയും കൂടുതൽ ശക്തിപ്പെടുത്തുകയും വേണം. പച്ചക്കറി, കോഴി, കന്നുകാലി എന്നിവയുടെ വലിയതോതിലുള്ള അന്തർ സംസ്ഥാന വ്യാപാരം കണക്കിലെടുത്ത് കേരളത്തിൽ ഏറെ പ്രസക്തമാണ്.
പൊതുജനാരോഗ്യ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും ഇത്തരം അതിർത്തി യോഗങ്ങൾ സഹായിക്കും.
എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ മൃൺമയി ജോഷി, തമിഴ്നാട് സ്റ്റേറ്റ് സർവൈലൻസ് ഓഫീസർ ഡോ. പി. സമ്പത്ത്, കർണാടക സ്റ്റേറ്റ് സർവൈലൻസ് ഓഫീസർ ഡോ. രമേഷ് കെ. കൗൽഗഡ്, മാഹി സീനിയർ മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഇസാഖ് ഷമീർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. സക്കീന, അതിർത്തി പങ്കിടുന്ന ജില്ലകളിലെ ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ 1 സർവൈലൻസ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.