തിരുവനന്തപുരം: കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക, ആരോഗ്യ വികാസത്തിനായി ആരോഗ്യ വകുപ്പ് സ്കൂൾ ആരോഗ്യ പരിപാടി നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിദ്യാഭ്യാസം, വനിതാ ശിശുവികസനം, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെയും, സ്കൂൾ പിടിഎ യുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. എല്ലാ കുട്ടികൾക്കും വാർഷിക ആരോഗ്യ പരിശോധന ഉറപ്പാക്കും. ശാരീരിക മാനസിക വളർച്ച ഉറപ്പാക്കുന്നതിനോടൊപ്പം പഠന പരിമിതികൾ, കാഴ്ച പരിമിതികൾ എന്നിവ നേരത്തെ തന്നെ കണ്ടെത്തി പരിഹരിക്കും. ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂൾ വിദ്യാഭ്യാസ കാലത്തു തന്നെ വെല്ലുവിളികളെ അതിജീവിച്ച് കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു. ആറു മുതൽ 17 വയസുവരെയുള്ള കുട്ടികളാണ് ആരോഗ്യ പദ്ധതിയുടെ പരിധിയിൽ വരുന്നത്. ഇവർക്ക് ആരോഗ്യ വിദ്യാഭ്യാസം നൽകും. വിളർച്ച, പോഷണകുറവ് തുടങ്ങി 30 രോഗാവസ്ഥകൾ കണ്ടുപിടിച്ച് സൗജന്യ ചികിത്സ ഉറപ്പാക്കുക, ശുചിത്വ പ്രോത്സാഹനം, ആർത്തവ സമയത്തെ നല്ല ഉപാധികളിലുള്ള അവബോധം എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.