തിരുവനന്തപുരം: കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളുടേയും സഹകരണം ആവശ്യമാണ്.
എഫ്.എസ്.എസ്. ആക്ട് പ്രകാരം എല്ലാ ഭക്ഷ്യ സ്ഥാപനങ്ങൾക്കും രജിസ്ട്രേഷനോ ലൈസൻസോ ഉണ്ടായിരിക്കുക, ജീവനക്കാർക്ക് ഹൈൽത്ത് കാർഡ്, പരിശീലനം ഉറപ്പാക്കുക, ഹൈജീൻ റേറ്റിംഗ്, മൈബൈൽ ആപ്പ്, ശക്തമായ അവബോധം എന്നിവയിലൂടെ സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.
എഫ്.എസ്.എസ്. ആക്ട് പ്രകാരം മാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ബാധ്യസ്ഥമാണ്. ഭക്ഷണത്തിൽ മായം ചേർക്കുന്നതിനെതിരെ നിയമപരമായി സ്വീകരിക്കാൻ കഴിയുന്ന പരമാവധി നടപടി സ്വീകരിക്കും. ഒരിക്കൽ ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ടാൽ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ കണ്ട് മാത്രമേ ലൈസൻസ് പുതുക്കി നൽകുകയുള്ളൂ. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള നിയമ തുടർ നടപടികൾ വേഗത്തിലാക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഓഫീസിൽ പ്രത്യേക ഓഫീസറെ നിയോഗിക്കും.
ഫെബ്രുവരി മുതൽ സംസ്ഥാനത്ത് കൂടുതൽ ശക്തമായ പരിശോധനകളുണ്ടാകും. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങൾ എത്രയും വേഗം ലൈസൻസ് എടുക്കണം. ഫെബ്രുവരി ഒന്നു മുതൽ ഹൈൽത്ത് കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. ഇവയില്ലെങ്കിൽ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്പ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടി ഉണ്ടാകും.