തിരുവനന്തപുരം: 2023ൽ നിർബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ കേരളവും ഇടംപിടിച്ചു. ന്യൂയോർക്ക് ടൈംസ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നതായി മന്ത്രി മുഹമ്മദ് റിയാസാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ഇന്ത്യയിൽ നിന്ന് കേരളം മാത്രമാണ് പട്ടികയിൽ ഉള്ളത്.
ന്യൂയോർക്ക് ടൈംസിൻ്റെ പട്ടികയിൽ 13-ാം സ്ഥാനത്താണ് കേരളം. ഒന്നാം സ്ഥാനത്ത് ലണ്ടനും, രണ്ടാം സ്ഥാനത്ത് ജപ്പാനിലെ മൊറിയോകയും, മൂന്നാം സ്ഥാനത്ത് നവാജോ ട്രൈബർ പാർക്ക് മോണ്യുമെന്റ് വാലിയും നാലാം സ്ഥാനത്ത് സ്കോട്ട്ലൻഡിലെ കിൽമാർട്ടിന് ഗ്ലെനും അഞ്ചാം സ്ഥാനത്ത് ന്യൂസീലൻഡിലെ ഓക്ക്ലൻഡുമാണ്. കുമരകം, മറവൻതുരുത്ത്, വൈക്കം എന്നീ ടൂറിസം കേന്ദ്രങ്ങളെ കുറിച്ച് പ്രത്യേക പരാമർശവും റിപ്പോർട്ടിലുണ്ട്. അനുഭവേദ്യ ടൂറിസവും കേരളത്തിലെ ഉത്സവങ്ങളും ആഘോഷങ്ങളും മികവുറ്റതെന്നാണ് റിപ്പോർട്ട് വിലയിരുത്തുന്നത്. കേരളത്തിൻ്റെ ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങളെയും പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
അതിമനോഹരമായ കടൽത്തീരങ്ങളാലും കായലുകളാലും രുചികരമായ ഭക്ഷണങ്ങളാലും സാംസ്കാരിക തനിമയാലും പ്രശസ്തമാണ് കേരളമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പറയുന്നു. കോവിഡാനന്തര ടൂറിസത്തിന് അന്താരാഷ്ട്രാ തലത്തിലുള്ള അംഗീകാരമാണ് ന്യൂയോർക്ക് ടൈംസിൻ്റെ തെരഞ്ഞെടുപ്പെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അംഗീകാരം വിദേശ സഞ്ചാരികളുടെ വരവ് ത്വരിതപ്പെടുത്താൻ സഹായകരമെന്നും ടൂറിസം മന്ത്രി വ്യക്തമാക്കി.