തിരുവനന്തപുരം: മുസ്ലീംലീഗ് ഓൺ ലൈൻ അംഗത്വത്തിൽ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം. ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും മുതൽ നടി മിയ ഖലീഫയ്ക്ക് വരെ നേമം മണ്ഡലത്തിൽ കളിപ്പാൻകുളം വാർഡിൽനിന്ന് മുസ്ലിം ലീഗ് അംഗത്വം. കേരളത്തിൽ ലീഗിൻ്റെ അംഗത്വ വിതരണം കഴിഞ്ഞ 31നാണ് അവസാനിച്ചത്.
വീടുകൾതോറും കയറിയിറങ്ങി അംഗത്വ വിതരണം നടത്താനാണു സംസ്ഥാന നേതൃത്വം നിർദേശിച്ചിരുന്നത്. ഇങ്ങനെ അംഗങ്ങളാകുന്നവർ ഓൺലൈനിൽ പേരും ആധാർ നമ്പറും തിരഞ്ഞെടുപ്പു തിരിച്ചറിയൽ കാർഡ് നമ്പറും ഫോൺ നമ്പറും അപ്ലോഡ് ചെയ്യണം. ഓരോ വാർഡിനും ഓരോ പാസ്വേഡും നൽകിയിരുന്നു. കോഴിക്കോട്ടുള്ള ഐടി കോ ഓർഡിനേറ്റർക്കേ പിന്നീട് ഇതു തുറന്നു പരിശോധിക്കാൻ കഴിയൂ. ഇത്തരത്തിൽ ഓൺലൈൻ വഴി അംഗത്വം നേടിയവരുടെ പട്ടിക പരിശോധിച്ചപ്പോഴാണു നേതൃത്വം ഞെട്ടിയത്.
സാധാരണ പാർട്ടി അംഗങ്ങൾ തന്നെയാണ് അംഗത്വവിതരണം നടത്തുന്നത്. എന്നാൽ ആൾബലമില്ലാത്ത സ്ഥലത്ത് കംപ്യൂട്ടർ സെന്ററുകളെ എൽപിച്ചവരുണ്ടെന്ന് വിമർശനം ഉയരുകയാണിപ്പോൾ. അതിനാലാണ് ഇത്തരത്തൽ ഒരു തെറ്റ് പറ്റിയതെന്നാണ് ഉയരുന്ന വിമർശനങ്ങൾ. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി.ബാവ ഹാജിയാണു തിരുവനന്തപുരം ജില്ലയിലെ റിട്ടേണിങ് ഓഫിസർ. സംഭവം ശ്രദ്ധയിൽപെട്ടെന്നും അന്വേഷണത്തിനു നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
അംഗത്വവിതരണം പൂർത്തിയായപ്പോൾ തലസ്ഥാനത്ത് 59551 ആണ് പാർട്ടി അംഗങ്ങൾ. സംസ്ഥാനത്ത് ലീഗിൻ്റെ അംഗസംഖ്യ 24.33 ലക്ഷം ആയെന്നാണു കണക്ക്. 2016നെക്കാൾ 2.33 ലക്ഷം അംഗങ്ങളുടെ വർധന. അംഗങ്ങളിൽ പകുതിയിലേറെ സ്ത്രീകൾ.