ഗവർണർ പദവി നിർത്തലാക്കണമെന്ന് സിപിഐ. ഡിസംബർ 29 ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. ഗവർണർമാരെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനത്തെ തകർക്കുകയാണെന്നന്നും ഡി.രാജ പറഞ്ഞു.
രാജ്യത്തിൻ്റെ ഫെഡറൽ ഘടനയെ സംരക്ഷിക്കാൻ ജനാധിപത്യ ശക്തികൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് സിപിഐ ദേശീയ നിർവാഹക സമിതി ആഹ്വാനം ചെയ്തു. ഭരണഘടനാ അടിത്തറ തകർക്കാനുള്ള ആർഎസ്എസ് നിയന്ത്രണത്തിലുള്ള സർക്കാരിൻ്റെ നീക്കത്തെക്കുറിച്ച് പാർട്ടി രാജ്യത്തിന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഡി.രാജ കൂട്ടിച്ചേർത്തു. അധികാര കേന്ദ്രീകരണമെന്ന ആർഎസ്എസ് പ്രത്യയശാസ്ത്രത്തിൻ്റെ പിൻബലത്തിൽ ഗവർണറുടെ ഓഫീസ് ഇതിനായി ദുരുപയോഗം ചെയ്യുകയാണ് എന്ന് ഡി രാജ കുറ്റപ്പെടുത്തി.
കേരളം, തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ രാജ്ഭവനുകൾ ബി.ജെ.പിയുടെ ക്യാമ്പ് ഓഫീസായാണ് പ്രവർത്തിക്കുന്നത്. ഗവർണർ പദവി തന്നെ അവസാനിപ്പിക്കേണ്ട സമയമായെന്നും രാജ കൂട്ടിച്ചേർത്തു. ഫെഡറലിസം സംരക്ഷിക്കുന്നതിനായി രാജ്യവ്യാപക പ്രതിഷേധ പരിപാടികൾക്ക് സി.പി.ഐ രൂപം നൽകിയിട്ടുണ്ട്. ഡിസംബർ 29 ‘ഡിഫെൻഡ് ഫെഡറലിസം ദിനം’ ആയി ആചരിക്കാൻ സിപിഐ തീരുമാനിച്ചിട്ടുണ്ട്. രാജ്ഭവൻ മാർച്ചുകളടക്കം സംസ്ഥാന ഘടകങ്ങൾ വിവിധ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.