ഹോളിവുഡ് ചിത്രം അവതാർ 2 ലോകമെമ്പാടും ഡിസംബർ 16നാണ് പ്രദർശനത്തിന് എത്തുന്നത്. നേരത്തെ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീങ്ങിയതോടെ ചിത്രം കേരളത്തിലും പ്രദർശനത്തിനെത്തും. ആദ്യ രണ്ടാഴ്ചയിലെ തിയറ്റർ വരുമാനത്തിന്റെ 55ശതമാനം വിതരണക്കാരും 45ശതമാനം തിയറ്ററുകാരും പങ്കിടാനാണ് ധാരണ.
നേരത്തെ അറുപത് ശതമാനം വിഹിതം വേണമെന്നായിരുന്നു വിതരണക്കാർ നിലപാട് എടുത്തത്. ഇതോടെയാണ് സിനിമ പ്രദർശിപ്പിക്കില്ലെന്ന് ഫിയൊക് നിലപാടെടുത്തത്. പുതിയ സാഹചര്യത്തിൽ സിനിമ സംസ്ഥാനത്തെ എല്ലാ തിയറ്ററുകളിലും റിലീസ് ചെയ്യുമെന്ന് തിയറ്റർ ഉടമകളുടെ ഫിയോക് അറിയിച്ചു. ഇതോടെ അവതാറിനെ സ്നേഹിക്കുന്ന സിനിമാ പ്രേമികളും ആവേശത്തിലാണ്.
ഡിസ്നി കമ്പനിയാണ് ചിത്രം കേരളത്തിലും വിതരണത്തിനെത്തിക്കുന്നത്. ജയിംസ് കാമറൂൺ സംവിധാനം ചെയ്യുന്ന അവതാർ; ദ വേ ഓഫ് വാട്ടർ ഇന്ത്യയിൽ ആറ് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ഇംഗ്ലീഷിന് പുറമേ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം മൊഴിമാറ്റിയെത്തുന്നത്. കേരളത്തിലും നിരവധി ആരാധകരാണ് സിനിമയെ കാത്തിരിക്കുന്നത്.