വയനാട് മേപ്പാടി പോളിടെക്നിക്കിൽ എസ്എഫ്ഐ വനിതാ നേതാവിനെ മയക്കു മരുന്നു മാഫിയ വധിക്കാൻ ശ്രമിച്ചു. എസ്എഫ്ഐ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി അപർണ ഗൗരിയെയാണ് വധിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം നടന്ന പോളിടെക്ക്നിക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നതിനിടയിലാണ് അപർണ അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. മേപ്പാടി പോളി ടെക്നികിൽ യുഡിഎസ്എഫ് പിന്തുണയുള്ള ട്രാബിയൊക്ക് എന്ന മയക്കുമരുന്ന് മാഫിയാ സംഘമാണ് അപർണയെ ആക്രമിച്ചത്.
യൂണിയൻ തെരഞ്ഞെടുപ്പിന്റെ വേട്ടെണ്ണൽ ആരംഭിക്കുന്നതിന് മുൻപായിരുന്നു അക്രമണം. സംഘമായെത്തിയവർ അപർണയുടെ മുടിക്ക് കുത്തി പിടിച്ച് മതിലിനോട് ചേർത്ത് നിർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് പ്രവർത്തകർ പറഞ്ഞു. മതിലിൻ്റെ മുകളിൽ നിന്ന് തള്ളിയിട്ട് ചവിട്ടുകയും ചെയ്തെന്ന് പ്രവർത്തകർ പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ അപർണ മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.