തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവെക്കാനാവില്ലെന്ന് മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. 6000 കോടി രൂപ ഇതിനകം ചെലവഴിച്ച് പദ്ധതി പൂർത്തീകരണത്തിലേക്ക് നീങ്ങുകയാണെന്നും തോമസ് ഐസക് പറഞ്ഞു. പദ്ധതിയുടെ വരുംവരായ്കയെക്കുറിച്ച് ആലോചിക്കേണ്ട ഘട്ടത്തിൽ ഇന്നത്തെ സമരക്കാർ പദ്ധതി വേഗം നടപ്പാക്കാൻ സമരം ചെയ്തവരാണ്. ആർക്കെങ്കിലും ഉൾവിളി തോന്നുമ്പോൾ നിർത്തിവെക്കേണ്ടതാണോ വികസന പദ്ധതിയെന്നും ടി എം തോമസ് ഐസക് വ്യക്തമാക്കി.
വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാവുന്നതിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാർ 60,000 കോടി രൂപ ചെലവ് വരുന്ന തലസ്ഥാന മേഖലാ വികസന പരിപാടിക്ക് രൂപം നൽകിയിട്ടുണ്ട്. തുറമുഖവുമായി ബന്ധപ്പെട്ട സാഗർമാല പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞത്ത് നിന്നും ആരംഭിച്ച് ഇന്നത്തെ എംസി റോഡിന്റെ കിഴക്കൻ മേഖലയിലൂടെ 70 കിലോമീറ്റർ കടന്ന് ദേശീയ പാതയിൽ വന്നുചേരുന്ന നാലുവരിപാതയ്ക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. അത് പിന്നീട് ആറ് വരി പാതയാക്കാനും പദ്ധതിയുണ്ട്. അതിനാൽ പദ്ധതി കാര്യത്തിൽ ഇനി വിട്ടുവീഴ്ച്ച നടത്താനാകില്ല.
വൈകിയ വേളയിലെങ്കിലും വിവേകത്തോടെ നിലപാട് സ്വീകരിക്കാൻ സഭാ നേതൃത്വം തയ്യാറാകണം. മത്സ്യതൊഴിലാളികൾ എല്ലാ മതസ്ഥരുമുണ്ട്. പദ്ധതിയുടെ വിശാല ഗുണഭോക്താക്കളുടെ കാര്യമെടുത്താൽ മറ്റ് മതസ്ഥരായിരിക്കും മഹാഭൂരിപക്ഷം. ഇത് കണക്കിലെടുക്കാതെ ഏകപക്ഷീയമായി തങ്ങൾ പറയുന്നിടത്ത് കാര്യം നിൽക്കണം എന്ന് പറയുന്നതിൻ്റെ ഭവിഷ്യത്ത് ആലോചിച്ചിട്ടുണ്ടോയെന്നും തോമസ് ഐസക് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ ചോദിക്കുന്നു.
പുരോഹിതൻമാർ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്നത് ഗൗരവതരം; കെ ടി ജലീൽ