പാലക്കാട് ഗവ മെഡിക്കൽ കോളേജിൽ യൂഡിഎഫിൻ്റെ അനധികൃത നിയമനം. പട്ടികജാതി വകുപ്പിന് കീഴിലുള്ള മെഡിക്കൽ കോളേജിൽ 2013 – 2014 വർഷത്തിൽ യുഡിഎഫ് സർക്കാർ നടത്തിയത് 272 പിൻവാതിൽ നിയമനം. എംഎൽഎയുടെ കത്തും മൂന്ന് ലക്ഷം രൂപയുമായിരുന്നു മെഡിക്കൽ കോളേജ് ജോലിക്കായുള്ള യോഗ്യതയെന്നായിരുന്നു ആരോപണം. നഴ്സ്, പാരമെഡിക്കൽ ജീവനക്കാർ, അറ്റൻഡർ, ക്ലർക്ക്, തുടങ്ങി മുഴുവൻ തസ്തികയിലേക്കും ഇത്തരം ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു നിയമനം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് എന്ന സർക്കാർ ഏജൻസിയാണ് നിയമനം നടത്തിയത്.
ഒഴിവുകൾ സംബന്ധിച്ച് മുഖ്യധാരാ പത്രങ്ങളിൽ പരസ്യം നൽകിയില്ല, കൂടിക്കാഴ്ച നടത്തിയില്ല, യോഗ്യതാ മാനദണ്ഡം പാലിച്ചില്ല തുടങ്ങിയ പരാതികൾ വ്യാപകമായതോടെ ഉമ്മൻചാണ്ടി സർക്കാർ തന്നെ അന്വേഷണത്തിന് വിജിലൻസിനെ ചുമതലപ്പെടുത്തി. പാലക്കാട് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. 192 പേർക്ക് മതിയായ യോഗ്യതയില്ലെന്നും കൈക്കൂലിയും നേതാക്കളോടുള്ള അടുപ്പവും മാത്രമാണ് പരിഗണിച്ചതെന്നും റിപ്പോർട്ട് നൽകി. മുഴുവൻ നിയമനവും റദ്ദാക്കി പിഎസ്സിക്ക് വിടണമെന്നും ശുപാർശ ചെയ്തു. എന്നാൽ യുഡിഎഫ് സർക്കാർ വിജിലൻസ് റിപ്പോർട്ടിൽ നടപടിയെടുത്തില്ല. 2016ൽ എൽഡിഎഫ് സർക്കാർ വന്നശേഷം ഡോക്ടർമാർ ഒഴികെയുള്ള 192 പേരെ പിരിച്ചുവിട്ടു. മുഴുവൻ തസ്തികയും സൃഷ്ടിച്ചു. അതിലേക്ക് നിയമനം നടത്താൻ പിഎസ്സിയോട് നിർദേശിച്ചു. തസ്തിക സൃഷ്ടിക്കാതെയും ഒഴിവുകളുടെ എണ്ണം അറിയിക്കാതെയും നിയമനം നടത്തിയതിനാൽ ഇന്ത്യൻ മെഡിക്കൽ കൗൺസിലിൻ്റെ അംഗീകാരവും നഷ്ടമായി.
എംഎൽഎയുടെ കത്തും മൂന്ന്ലക്ഷംരൂപയും നൽകിയാൽ നിയമനം ഉറപ്പായിരുന്നുവെന്ന് അന്ന് തെളിവെടുപ്പിൽ ചില ഉദ്യോഗാർഥികൾ മൊഴി നൽകിയിരുന്നു. പത്രങ്ങളിൽ വലിയ പരസ്യം നൽകി അപേക്ഷ സ്വീകരിച്ചശേഷം യോഗ്യതയുടെ അടിസ്ഥാനത്തിൽ കൂടിക്കാഴ്ചയ്ക്ക് വിളിച്ച് മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും അതിൽനിന്ന് നിയമനം നടത്തുകയും ചെയ്യേണ്ടിയിരുന്നു. എന്നാൽ ഒരു ഇംഗ്ലീഷ് പത്രത്തിൽ ആരും കാണാത്തവിധം ചെറിയ പരസ്യം നൽകി വേണ്ടപ്പെട്ടവരിൽനിന്ന് അപേക്ഷ വാങ്ങി നേരിട്ട് നിയമിക്കുകയായിരുന്നു.
‘കത്തുണ്ട് ജോലി വേണം’; യു.ഡി.എഫ് ഭരണകാലത്ത് കോൺഗ്രസ് നേതാക്കൾ നൽകിയ ശുപാർശ കത്തുകൾ പുറത്ത്