തിരുവനന്തപുരം: ഇക്കഡോറിയൽ ഗിനിയിൽ കുരുങ്ങിയ കപ്പൽ ജീവനക്കാരെ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു. കപ്പൽ ജീവനക്കാരുടെ ജീവൻ അപകടത്തിലാണെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. സുരക്ഷിതമല്ലാതെ, തടവിൽ തുടരുന്നത് കപ്പൽ ജീവനക്കാരുടെ മാനസ്സിക – ശാരീരിക നിലയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.
അതേസമയം, ഗിനി നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിൽ നിന്ന് പുറത്തെത്തിച്ച 15 കപ്പൽ ജീവനക്കാരെയും തടവുകേന്ദ്രത്തിലേക്ക് മാറ്റിയതായിട്ടാണ് വിവരം. ഇവരെ മുൻപ് താമസിപ്പിച്ച ഹോട്ടലിലേക്കു തിരികെയെത്തിച്ചെന്നായിരുന്നു ആദ്യ വിവരം. എന്നാൽ, കപ്പലിൽനിന്ന് പുറത്തെത്തിച്ച സംഘത്തെ ഒരു മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് മലയാളിയായ കൊല്ലം സ്വദേശി വിജിത് വി നായർ പറഞ്ഞു. മുറിക്കു പുറത്ത് സൈനികർ കാവൽ നിൽക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കപ്പലിലെ ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറാനുള്ള നീക്കം ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇടപെട്ട് തടഞ്ഞിരുന്നു. ഗിനിയിലെ നാവികസേന അറസ്റ്റ് ചെയ്ത കപ്പലിൻ്റെ ചീഫ് ഓഫിസറും മലയാളിയുമായ കൊച്ചി സ്വദേശി സനു ജോസിനെ തിരികെ കപ്പലിലെത്തിച്ചു. ഇതിനു പിന്നാലെയാണ് കപ്പലിലെ ജീവനക്കാരായ മലയാളികൾ ഉൾപ്പെടെയുള്ള 15 പേരെ തടവിലേക്കു മാറ്റിയത്.