മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ വിദേശ സന്ദർശനം സംബന്ധിച്ച് രാഷ്ട്രപതി ഭവൻ പുറപ്പെടുവിച്ച നിർദ്ദേശങ്ങളിൽ ഗവർണറുടെ പങ്ക് വട്ടപ്പൂജ്യം. മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാർ തുടങ്ങിയവരുടെ വിദേശ സന്ദർശനത്തെക്കുറിച്ച് കാബിനറ്റ് സെക്രട്ടേറിയറ്റിനെയും വിദേശ കാര്യ മന്ത്രാലയത്തെയും ധരിപ്പിക്കണമെന്നാണ് രാഷ്ട്രപതി ഭവൻ പുറപ്പെടുവിച്ച സർക്കുലറിലുള്ളത്. സന്ദർശനത്തെക്കുറിച്ചുള്ള വിവരങ്ങളും സന്ദർശന പുരോഗതിയും ഗവർണറെ ധരിപ്പിക്കണമെന്ന് എവിടെയും വ്യവസ്ഥ ചെയ്തിട്ടില്ല.
മന്ത്രിമാരുടെ വിദേശ സന്ദർശനം സംബന്ധിച്ച് 2015 മെയ് ആറിനാണ് രാഷ്ട്രപതി ഭവൻ ഏറ്റവും ഒടുവിൽ ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കിയത്. വിദേശ സന്ദർശനങ്ങൾക്ക് പൊളിറ്റിക്കൽ ക്ലിയറൻസും എഫ്സിആർഎ ക്ലിയറൻസുമാണ് അനിവാര്യം. വിദേശ കാര്യവകുപ്പിനെയും വിവരമറിയിക്കണം.
2010 ൽ ഇറക്കിയ ഉത്തരവിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുമതി തേടണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ പുതുക്കിയ ഉത്തരവ് പ്രകാരം അനുമതിയുടെ ചുമതല പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കാബിനറ്റ് സെക്രട്ടേറിയറ്റിലേയ്ക്ക് മാറ്റി.
മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ സന്ദർശനം നടത്തുന്നത് തന്നെ അറിയിച്ചില്ലെന്ന് ആരോപിച്ചാണ് ഗവർണർ രാഷ്ട്രപതി ഭവന് പരാതി അയച്ചത്. കത്ത് പ്രധാനമന്ത്രിയുടെ ഓഫീസിലും കൊടുത്തുവെന്നാണ് വാർത്തകൾ. ഗവർണറുടെ കത്തിന്മേൽ ഉടൻ നടപടിയുണ്ടാകുമെന്നാണ് ഒരുവിഭാഗം മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. എന്നാൽ, അത്തരമൊരു വ്യവസ്ഥയും നിർദ്ദേശിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ എന്തു നടപടിയാണ് രാഷ്ട്രപതിയ്ക്ക് സ്വീകരിക്കാനാവുക എന്ന ചോദ്യത്തിന് മറുപടിയില്ല.
സുധാകരൻ പറഞ്ഞു, ഗവർണർ അനുസരിച്ചു; സർക്കാരിനെതിരെ രാഷ്ട്രപതിക്ക് കത്തെഴുതി ഗവർണർ