സിഡ്നി: നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ തകർത്തെറിഞ്ഞ് ഐ.സി.സി ട്വന്റി 20 ലോകകപ്പിൽ ന്യൂസീലൻഡിന് ഉജ്ജ്വലത്തുടക്കം. സൂപ്പർ 12 പോരാട്ടത്തിൽ ഓസ്ട്രേലിയയെ 89 റൺസിന് തകർത്താണ് കിവീസ് വിജയമാഘോഷിച്ചത്. ന്യൂസീലൻഡ് ഉയർത്തിയ 201 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 17.1 ഓവറിൽ 111 റൺസിന് ഓൾ ഔട്ടായി.
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്ട്രേലിയക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവികൾ തകർപ്പൻ അർധ സെഞ്ചുറി നേടിയ ദേവോൺ കോൺവേയുടെ കരുത്തിൽ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുത്തു. കോൺവേ 58 പന്തിൽ 92* റൺസ് നേടി. സഹ ഓപ്പണർ ഫിൻ അലൻ 16 പന്തിൽ 42 റൺസ് അടിച്ചുകൂട്ടി.
ഓപ്പണർമാരായ ഡെവോൺ കോൺവെയും ഫിൻ അലനും മികച്ച തുടക്കം നൽകി.ടീമിന് അലനായിരുന്നു കൂടുതൽ അപകടകാരി. ആദ്യ വിക്കറ്റിൽ കോൺവെയ്ക്കൊപ്പം വെറും 4.1 ഓവറിൽ 56 റൺസാണ് അലൻ കൂട്ടിച്ചേർത്തത്. വെറും 16 പന്തുകളിൽ നിന്ന് അഞ്ച് ഫോറിൻ്റെയും മൂന്ന് സിക്സിൻ്റെയും സഹായത്തോടെ 42 റൺസാണ് താരം അടിച്ചെടുത്തത്. അഞ്ചാം ഓവറിലെ ആദ്യ പന്തിൽ അലനെ ജോഷ് ഹെയ്സൽവുഡ് ക്ലീൻ ബൗൾഡാക്കി. അലൻ മടങ്ങുമ്പോൾ ന്യൂസീലൻഡ് മികച്ച സ്കോറിലെത്തിയിരുന്നു. അലന് പകരം കെയ്ൻ വില്യംസൺ ക്രീസിലെത്തി. വില്യംസൺ സൂക്ഷിച്ച് കളിച്ചപ്പോൾ കോൺവേ ആക്രമണത്തിൻ്റെ ചുമതല ഏറ്റെടുത്തു. റൺറേറ്റ് കുറയാതെ ഇരുവരും ടീം സ്കോർ ഉയർത്തി. 11-ാം ഓവറിൽ ന്യൂസീലൻഡ് 100 റൺസ് കടന്നു.
13-ാം ഓവറിലെ ആദ്യ പന്തിൽ സ്പിന്നർ ആദം സാംപയെ സിക്സിന് പറത്തി കോൺവേ അർധ സെഞ്ചുറി തികച്ചു. 36 പന്തിലാണ് താരം 50 തികച്ചത്. അവസാന പന്തിൽ കെയ്ൻ വില്യംസണെ സാംപ എൽബിയിൽ കുരുക്കുമ്പോൾ ന്യൂസിലൻഡ് 125ലെത്തിയിരുന്നു. 23 പന്തിൽ 23 റൺസായിരുന്നു വില്യംസണിൻ്റെ സമ്പാദ്യം. 15 ഓവറിൽ 144-2 ആയിരുന്നു കിവികളുടെ സ്കോർ. ഹേസൽവുഡിൻ്റെ17-ാം ഓവറിലെ അവസാന പന്ത് ഗ്ലെൻ ഫിലിപ്സിന്(10 പന്തിൽ 12) പുറത്തേക്കുള്ള വഴിയൊരുക്കി. പിന്നാലെ ക്രീസിലെത്തിയത് വെടിക്കെട്ട് വീരൻ ജിമ്മി നീഷാം. 20 ഓവർ പൂർത്തിയാകുമ്പോൾ കോൺവേ 58 പന്തിൽ 92* ഉം, നീഷാം 13 പന്തിൽ 26* റൺസെടുത്തും പുറത്താകാതെ നിന്നു. ജോഷ് ഹെയ്സൽവുഡ് രണ്ട് വിക്കറ്റെടുത്തപ്പോൾ ആദം സാംപയും വിക്കറ്റെടുത്തു.
201 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് തുടക്കത്തിൽ തന്നെ തകർച്ച നേരിട്ടു. ടീം സ്കോർ വെറും അഞ്ചുറൺസിൽ നിൽക്കെ ഓപ്പണർ ഡേവിഡ് വാർണർ പുറത്തായി. പിന്നാലെ നാലാം ഓവറിലെ അവസാന പന്തിൽ ഓപ്പണറും നായകനുമായ ആരോൺ ഫിഞ്ചും പുറത്തായി. 11 പന്തിൽ നിന്ന് 13 റൺസെടുത്ത ഫിഞ്ചിനെ മിച്ചൽ സാന്റ്നർ പുറത്താക്കി. പിന്നലെ വന്ന മിച്ചൽ മാർഷ് അനാവശ്യമായി വിക്കറ്റ് കളഞ്ഞു. വെറും 16 റൺസാണ് ഓൾറൗണ്ടറുടെ സമ്പാദ്യം.
പിന്നാലെ ക്രീസിലെത്തിയ ഗ്ലെൻ മാക്സ്വെൽ മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞതോടെ ഓസ്ട്രേലിയൻ ക്യാമ്പിൽ പ്രതീക്ഷ പരന്നു. എന്നാൽ താരത്തിന് പിന്തുണ നൽകാൻ മറുവശത്ത് ഒരു ബാറ്റർക്കും സാധിച്ചില്ല. മാർക്കസ് സ്റ്റോയിനിസ് (14 പന്തിൽ ഏഴ് റൺസ്), ഡിം ഡേവിഡ് (എട്ട് പന്തിൽ 11 റൺസ്), മാത്യു വെയ്ഡ് (നാല് പന്തിൽ രണ്ട് റൺസ്) എന്നിവർ നിലയുറപ്പിക്കുമുൻപ് പുറത്തായി. മാക്സ്വെൽ 20 പന്തുകളിൽ നിന്ന് 28 റൺസെടുത്ത് പൊരുതിയെങ്കിലും ഫലവത്തായില്ല. ഒടുവിൽ മാക്സ്വെല്ലിൻ്റെ വിക്കറ്റും വീണു. താരത്തെ ക്ലീൻ ബൗൾഡാക്കി ഇഷ് സോധി ഓസ്ട്രേലിയയുടെ അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി. വാലറ്റത്ത് പ്രതിരോധിച്ച പാറ്റ് കമ്മിൻസാണ് ഓസ്ട്രേലിയൻ സ്കോർ 100 കടത്തിയത്. 18-ാം ഓവറിൽ 21 റൺസെടുത്ത പാറ്റ് കമ്മിൻസിനെ മടക്കി ടിം സൗത്തി ഓസ്ട്രേലിയൻ ഇന്നിങ്സിന് തിരശ്ശീലയിട്ടു. കിവീസിനായി പന്തെറിഞ്ഞ എല്ലാ ബോളർമാരും വിക്കറ്റ് വീഴ്ത്തി. മിച്ചൽ സാന്റ്നർ, ടിം സൗത്തി എന്നിവർ മൂന്നു വിക്കറ്റ് വീതം നേടി. ട്രന്റ് ബോൾട്ട് രണ്ടു വിക്കറ്റും ലോക്കി ഫെർഗൂസൻ, ഇഷ് സോദി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.