ആഗോള പട്ടിണിസൂചികയിൽ ഇന്ത്യ വീണ്ടും കൂപ്പുകുത്തി. 107-ാം സ്ഥാനത്തേക്കാണ് ഇന്ത്യ പിന്തള്ളപ്പെട്ടത്. 29.1 ആണ് ഇന്ത്യയുടെ സ്കോർ. അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ, ശ്രീലങ്ക എന്നിവയ്ക്കും പിന്നിലാണ് പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം. പാകിസ്ഥാൻ (99), ബംഗ്ലാദേശ് (84), നേപ്പാൾ (81), മ്യാൻമർ (71), ശ്രീലങ്ക (64) സ്ഥാനങ്ങളിലാണുള്ളത്.
2021ൽ 116 രാജ്യങ്ങളിൽ ഇന്ത്യ 101-ാം സ്ഥാനത്തായിരുന്നു. കുട്ടികളിലെ ന്യൂനപോഷണം, വളർച്ചാ മുരടിപ്പ്, ബലഹീനത, മരണനിരക്ക് എന്നീ പ്രധാനപ്പെട്ട നാല് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിണി സൂചിക കണക്കാക്കുന്നത്. ഐക്യരാഷ്ട്രസഭ, യൂണിസെഫ്, ലോകബാങ്ക്, ഫുഡ് ആൻറ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ തുടങ്ങിയ സ്ഥാപനങ്ങളുടെയും ഏജൻസികളുടെയും കണക്കുകളെയും അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
അതേസമയം നരേന്ദ്ര മോദി സർക്കാരിൻ്റെ എട്ട് വർഷത്തെ ഭരണത്തിൽ 2014 മുതൽ രാജ്യത്തിൻ്റെ സ്കോർ കൂടുതൽ മോശമാകുകയാണെന്ന് റിപ്പോർട്ട് ഉദ്ധരിച്ച് പി ചിദംബരം എം പി പറഞ്ഞു. “കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവ്, പട്ടിണി, വളർച്ചാ മുരടിപ്പ്, തുടങ്ങിയ യഥാർത്ഥ പ്രശ്നങ്ങൾ ബഹുമാനപ്പെട്ട പ്രധാനമന്ത്രി എപ്പോഴാണ് അഭിസംബോധന ചെയ്യുക?” എന്നും അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു.