ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. 2022 നവംബർ പന്ത്രണ്ടിനാണ് ഹിമാചൽ പ്രദേശിൽ വോട്ടെടുപ്പ്. ഡിസംബർ എട്ടിന് വോട്ടെണ്ണും. ഒറ്റഘട്ടമായായിരിക്കും വോട്ടെടുപ്പ് നടക്കുക. ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാർ തീയതികൾ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബർ 17ന് പുറത്തിറക്കും. 25 മുതൽ പത്രിക സമർപ്പിക്കാം. പത്രിക പിൻവലിക്കാനുള്ള അവസാന തിയതി 29നായിരിക്കും. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചാകും തെരഞ്ഞെടുപ്പ് നടക്കുക. വോട്ടിങ് ശതമാനം കൂട്ടാനും യുവാക്കളുടെയും സ്ത്രീകളുടെയും പ്രാധിനിത്യം കൂട്ടാനും നടപടിയുണ്ടാകും. തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ രാഷ്ട്രീയ പാർട്ടികളുമായി വിശദമായ ചർച്ച നടത്തും. വർഷത്തിൽ നാല് തവണ വോട്ടർ പട്ടിക പുതുക്കാം. ഒരുതവണ മാത്രമെന്ന നിലവിലെ രീതി മാറ്റിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
14ാം ഗുജറാത്ത് നിയമസഭയുടെ കാലാവധി 2023 ഫെബ്രുവരിയിലാണ് അവസാനിക്കുക. ഇതിന് മുൻപായി പുതിയ സർക്കാർ അധികാരത്തിലെത്തും വിധമാകും തെരഞ്ഞെടുപ്പ് തീയതികൾ. 182 അംഗ ഗുജറാത്ത് നിയമസഭയിൽ ഭരണകക്ഷിയായ ബിജെപിക്ക് 111 അംഗങ്ങളുണ്ട്. 2017ൽ 77 എംഎൽഎ മാരുണ്ടായിരുന്ന കോൺഗ്രസിൻ്റെ 15 എംഎൽഎമാർ വിവിധ കാലയളവിലായി ബിജെപിയിൽ ചേർന്നു. ദുർബലരായ കോൺഗ്രസല്ല, ഗുജറാത്തിൽ ആം ആദ്മി പാർട്ടി- ബിജെപി പോരാട്ടമാണെന്ന പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് എ എ പി.
68 അംഗ ഹിമാചൽ നിയമസഭയുടെ കാലവധി ഡിസംബർ 13ന് അവസാനിക്കും. നിലവിൽ 45 സീറ്റുകളുമായി ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്. ഭരണം നിലനിർത്താൻ സാധിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. കോൺഗ്രസും മത്സര രംഗത്ത് സജീവമാണ്. എകന്നാൽ നേതാക്കളും അണികളും ബിജെപിയിലേക്ക് പോകുന്നത് സംസ്ഥാനത്ത് കോൺഗ്രസിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആം ആദ്മി പാർട്ടിയും ഇത്തവണ സംസ്ഥാനത്ത് സാന്നിദ്ധ്യമറിയിക്കുമെന്ന് പ്രഖ്യാപിച്ച് പ്രചാരണം സജീവമാക്കിയിട്ടുണ്ട്.
ഹിമാചല്, ഗുജറാത്ത് നിയമസഭാ തെരഞ്ഞെുടുപ്പുകള് ഇന്ന് പ്രഖ്യാപിക്കും.