പ്രേക്ഷക പ്രിയങ്കരിയായി നടി നവ്യ നായർ ഇപ്പോൾ തൻ്റെ ഏറ്റവും വലിയ സന്തോഷ നിമിഷത്തിലൂടെയാണ് കടന്നുപോകുന്നത്. ആറ് വർഷത്തെ ഇടവേളക്ക് ശേഷം സൂര്യ ഫെസ്റ്റിവലിൽ ഭരതനാട്യം അവതരിപ്പിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് താരം. സൂര്യാമേളയുടെ ഒൻപതാം ദിനത്തിലായിരുന്നു നവ്യ ചിലങ്ക അണിഞ്ഞ് വേദിയിലെത്തിയത്. 2016ൽ ആണ് അവസാനമായി നവ്യ മേളയിൽ എത്തിയത്.
പലവട്ടം ആഗ്രഹിച്ചിട്ടും നടക്കാതെ പോയ മടങ്ങിവരവ് സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് നവ്യ പറയുന്നു. ഒരു കലാകാരിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അനുഗ്രഹവും സന്തോഷവുമാണ് സൂര്യയുടെ വേദിയിൽ എത്തുകയെന്നത്. സൂര്യകൃഷ്ണ മൂർത്തിയ്ക്ക് നന്ദി. തിരക്കു കാരണം ഗേറ്റ് അടച്ചപ്പോൾ പരിപാടി കാണാൻ സാധിക്കാതിരുന്നവരോട് മാപ്പ് പറയുന്നുവെന്നും ഇത്രയേറെ വലിയ സദസ്സിന് മുന്നിൽ ചുവടുവച്ചതിൽ അഭിമാനമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ കലാമേളയാണ് സൂര്യാ ഫെസ്റ്റിവൽ. ഏറെ പ്രത്യേകതകളുമായാണ് ഇത്തവണ സൂര്യ ഫെസ്റ്റ് ഒരുങ്ങിയത്. യേശുദാസ് തുടർച്ചയായി 45 തവണ ഒരേദിവസം ഒരേവേദിയിൽ കച്ചേരി അവതരിപ്പിക്കുന്നു എന്നത് ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന് കൂടിയായിരുന്നു.
നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തിലേയ്ക്ക് എത്തിയ താരമാണ് നവ്യ. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച അഭിനയം കാഴ്ചവെച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലാമണി പിന്നീട് സിനിമാ ലോകത്ത് ചുവടുറപ്പിച്ചു. പിന്നീട് ഒരുപിടി നല്ല കഥാപാത്രങ്ങളാണ് നടി മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും സമ്മാനിച്ചത്. ഒരിടവേളയ്ക്ക് ശേഷം ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നടി മടങ്ങി വരവ് അറിയിച്ചത്.