കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാജ്യസഭാ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ മല്ലികാർജ്ജുൻ ഖാർഗെ മത്സരിക്കും. ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചേക്കും. നേരത്തെ തിരുവനന്തപുരം ലോക്സഭാംഗം ശശി തരൂർ, മുൻ എഐസിസി ജനറൽ സെക്രട്ടറിയും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന ദ്വിഗ് വിജയ് സിംഗ്, എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് എന്നിവർ മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
മത്സരിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ഇന്ന് രാവിലെ മല്ലികാർജ്ജുൻ ഖാർഗെ ദ്വിഗ് വിജയ് സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം മുകുകൾ വാസ്നിക്കാന് ഔദ്യോഗിക സ്ഥാനാർത്ഥി. കഴിഞ്ഞ ദിവസം മുതിർന്ന നേതാവ് എ കെ ആൻ്റണി മുകുൾ വാസ്നികുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ജി – 23 യുടെ ഭാഗമായി പാർട്ടിയിൽ അഴിച്ചുപണി ആവശ്യപ്പെട്ട നേതാവാണ് മുകുൾ വാസ്നിക്. എന്നാൽ ഗാന്ധി കുടുംബവുമായി ഇപ്പോഴും അദ്ദേഹം അടുപ്പം സൂക്ഷിക്കുന്നുമുണ്ട്. കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ജി 23 യിലെ പല നേതാക്കളും തഴയപ്പെട്ടപ്പോൾ വാസ്നികിന് രാജ്യസഭാ സീറ്റ് ലഭിച്ചു. ജി 23 നേതാക്കൾക്കും സ്വീകാര്യനാകുമെന്ന് കൂടി പരിഗണിച്ചാണ് മുകുൾ വാസ്നികിൻ്റെ പേര് ഇപ്പോൾ പരിഗണിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള ദലിത് നേതാവായ വാസ്നിക് നരസിംഹറാവു സർക്കാരിൽ കായികം, യുവജനകാര്യം, പാർലമെൻ്ററികാര്യം വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. യുപിഎ സർക്കാരിലും മന്ത്രിയായിരുന്നു.