എല്ലാതരം തീവ്രവാദത്തെയും സിപിഎം എതിർക്കുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിഭാഗീയ ശക്തികളെ സിപിഎം എന്നും അകറ്റിനിർത്തിയിട്ടേയുള്ളൂ. പിഎഫ്ഐ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് തന്നെയാണ് നിലപാട്. എന്നാൽ പോപ്പുലർ ഫ്രണ്ടിൻ്റെ നിരോധനം സമ്പൂർണ്ണ പരിഹാരമല്ല. വർഗീയ സംഘടനകളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുകയും എതിർക്കുകയുമാണ് വേണ്ടത്. പക്ഷെ ന്യൂനപക്ഷ വർഗീയതയെ എതിർക്കുമ്പോൾ തന്നെ ഭൂരിപക്ഷ വർഗീയതയും അതിൻ്റെ ബുൾഡോസർ രാഷ്ട്രീയവും എതിർക്കപ്പെടണം. ആർഎസ്എസിനെതിരെയും നടപടി വേണം. ആർഎസ്എസ് മുൻപ് രണ്ടുതവണ നിരോധിക്കപ്പെട്ടതാണ്. പോപ്പുലർ ഫ്രണ്ട് നിരോധനം സംബന്ധിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ വിശദമായ പ്രസ്താവന ഇറക്കുമെന്നും യെച്ചൂരി പറഞ്ഞു.
അതേസമയം കൃത്യമായ അന്വേഷണങ്ങളുടെയും വിവര ശേഖരണങ്ങളുടെയും അടിസ്ഥാനത്തിലാകണം മാധ്യമ പ്രവർത്തനം നടത്തേണ്ടത്. വാട്സാപ്പിൽ വരുന്ന സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാകരുത് മാധ്യമ പ്രവർത്തനം നടത്തേണ്ടത് എന്നും യെച്ചൂരി വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് അഞ്ചുവർഷത്തേയ്ക്കാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്. യുഎപിഎ നിയമത്തിൻ്റെ 35-ാം വകുപ്പു പ്രകാരമാണ് നടപടി. ഈ നിയമപ്രകാരം ഇതുവരെ 42 സംഘടനകളെ നിരോധിച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിന് പുറമെ റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ് ഓർഗനൈസേഷൻ, നാഷണൽ വുമൺ ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യാ ഫൗണ്ടേഷൻ, റിഹേബ് ഫൗണ്ടേഷൻ എന്നീ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ട് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം