കൊച്ചി: ഓൺലൈൻ ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയ നടൻ ശ്രീനാഥ് ഭാസിക്ക് വിലക്ക്. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റേതാണ് തീരുമാനം. സിനിമയിൽ നിന്ന് ശ്രീനാഥ് ഭാസിയെ മാറ്റിനിർത്തും. തെറ്റ് ചെയ്തിട്ടുണ്ട് എന്ന് നടൻ സമ്മതിച്ചു. കുറച്ചു നാളുകളിലേയ്ക്ക് ശ്രീനാഥ് ഭാസിക്ക് പുതിയ സിനിമകൾ നൽകേണ്ട എന്നാണ് സംഘടനയുടെ തീരുമാനം. ശ്രീനാഥിനെതിരായ കേസിൽ ഒരു തരത്തിലും ഇടപെടില്ലെന്നും നിർമാതാക്കൾ അറിയിച്ചു. പരാതിക്കാരിയെ വിളിച്ചുവരുത്തി സംഘടന വിശദീകരണം തേടിയിരുന്നു.
ഒരു ചിത്രത്തിൻ്റെ ഷൂട്ടിങ്ങും ചില ഡബ്ബിംഗ് ജോലികളും പൂർത്തിയാകാനുണ്ട്. അത് പൂർത്തിയാക്കാൻ ശ്രീനാഥ് ഭാസിയെ അനുവദിക്കും. നടൻ ഒരു സിനിമയ്ക്കായി കരാറിൽ നിശ്ചയിച്ചതിനേക്കാൾ കൂടുതൽ തുക വാങ്ങിയിരുന്നു. ഈ തുക തിരികെ നൽകാമെന്നും നടൻ സമ്മതിച്ചിട്ടുണ്ട് എന്നും നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു.
ശ്രീനാഥ് ഭാസിയുടെ ചിത്രം ചട്ടമ്പിയുടെ പ്രൊമോഷൻ്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ നടൻ അവതാരകയോട് അപമാര്യാദയായി പെരുമാറിയിരുന്നു. അവതാരക പ്രൊഡ്യൂസേഴ്സ് അസോസിയേഷനും, പോലീസിനും, വനിതാ കമ്മീഷനും പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.
സംഭവത്തിൽ ഇന്നലെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷം ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കൽ), ഐപിസി 354 (ലൈംഗിക ചുവയോടെ സംസാരിക്കൽ), 294 ബി എന്നീ മൂന്ന് വകുപ്പുകൾ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങൾ നടത്തുകയായിരുന്നു. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നും അവതാരകയുടെ പരാതിയിലുണ്ട്.