കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പ്രതിസന്ധി രൂക്ഷമായതോടെ എ കെ ആൻ്റണിയെ ദില്ലിയിലേക്ക് വിളിപ്പിച്ചു. ഇന്ന് രാത്രിയോടെ എ കെ ആൻ്റണി ദില്ലിയിലെത്തും. ദില്ലിയിലെത്തുന്ന ആൻ്റണി ബുധനാഴ്ച കോൺഗ്രസ് താത്കാലിക അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ വഴിമാറിയ സാഹചര്യത്തിലാണ് സോണിയാ ഗാന്ധി തൻ്റെ വിശ്വസ്തനായ ആൻ്റണിയെ ദില്ലിയിലേക്ക് വിളിപ്പിച്ചത്.
നേരത്തെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഔദ്യോഗിക സ്ഥാനാർത്ഥിയായി അശോക് ഗെഹ്ലോട്ടിനെ ഗാന്ധി കുടുംബം പരിഗണിച്ചിരുന്നു. എന്നാൽ അധ്യക്ഷനായാലും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന തീരുമാനത്തിൽ അശോക് ഗെഹ്ലോട്ട് ഉറച്ചുനിൽക്കുകയായിരുന്നു. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാകാനുള്ള ദേശീയ നേതൃത്വത്തിൻ്റെ തീരുമാനത്തിനെതിരെ അശോക് ഗെഹ്ലോട്ട് എതിർത്തിരുന്നു. തനിക്കൊപ്പമുള്ള എംഎൽഎമാരെകൊണ്ട് അശോക് ഗെഹ്ലോട്ട് രാജിഭീഷണിയും മുഴക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മറ്റൊരാളെ കോൺഗ്രസ് ദേശീയ നേതൃത്വം പരിഗണിക്കുന്നത്.
മുൻ ദേശീയ ജനറൽ സെക്രട്ടറിയും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന ദ്വിഗ് വിജയ് സിംഗ്, ദേശീയ ജനറൽ സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയുമായ മുകുൾ വാസ്നിക് എന്നിവരെയും അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബം പരിഗണിച്ചിരുന്നു. ഒക്ടോബർ പതിനേഴിന് വോട്ടെടുപ്പ് നടക്കാനിരിക്കെ അധികം വൈകാതെ ഔദ്യോഗിക സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള നീക്കത്തിലാണ് ദേശീയ നേതൃത്വം.