ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയ്ക്ക് മറുപടിയുമായി സിപിഎം പോളിറ്റ് ബ്യൂറോ. ബിജെപി അധ്യക്ഷൻ നദ്ദയുടെത് വ്യാജ ആരോപണമാണ്. വസ്തുതകൾ മറച്ചുവെക്കാൻ വ്യാജ ആരോപണം കൊണ്ട് സാധിക്കില്ല. സംസ്ഥാനത്ത് സാമുദായിക സമാധാനം തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നദ്ദ നടത്തിയത്. നദ്ദ ഉപദേശിക്കേണ്ടത് ആർഎസ്എസിനെയാണ്. പ്രകോപനപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് ആർഎസ്എസിനോട് പറയണമെന്നും പോളിറ്റ് ബ്യൂറോ.
കേരളം തീവ്രവാദത്തിൻ്റെ ഹോട്സ്പോട്ടാണെന്നായിരുന്നു നദ്ദയുടെ ആരോപണം. തിങ്കളാഴ്ച തിരുവനന്തപുരത്ത് വെച്ചായിരുന്നു നദ്ദയുടെ വിവാദ പരാമർശം. ബിജെപി സംസ്ഥാന ഘടകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഞായറാഴ്ചയാണ് നദ്ദ കേരളത്തിലെത്തിയത്.
നദ്ദയുടെ പ്രസ്താവനയ്ക്കെതിരെ സിപിഎം പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ടും രംഗത്ത് വന്നിരുന്നു. കേരളം തീവ്രവാദത്തിൻ്റെ ഹോട്ട്സ്പോട്ട് അല്ല മറിച്ച് കേരളം സമാധാനത്തിൻ്റെയും പുരോഗതിയുടെയും കാര്യത്തിൽ ഒന്നാമതാണ്. ബിജെപിയും ആർഎസ്എസുമാണ് സാമൂഹ്യ സ്പർധ ഉണ്ടാക്കുന്നതിൻ്റെ ഹോട്ട്സ്പോട്ടുകൾ. സർക്കാരുകളുടെ പ്രവർത്തനത്തിലും കേരളം ഒന്നാമതാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. യഥാർത്ഥ സത്യം മറച്ചുവെക്കുന്നതാണ് നദ്ദയുടെ പരാമർശമെന്നും നദ്ദയുടെ പരാമർശങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഉള്ള നുണപ്രചാരണങ്ങൾ മാത്രമെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.
കേരളം സമാധാനത്തിൻ്റെയും പുരോഗതിയുടെയും കാര്യത്തിൽ ഒന്നാമത്; നദ്ദക്ക് മറുപടിയുമായി ബൃന്ദ കാരാട്ട്