ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണത്തിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് ബിജെപി ഫോറത്തിൻ്റെ പേരിൽ പോസ്റ്റർ. തിരുവനന്തപുരം ജില്ലയിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണത്തിൻ്റെ മറവിൽ സ്വന്തമായി വീട് നിർമാണം നടത്തിയ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നാണ് ആവശ്യം. സംസ്ഥാന നേതാക്കളുടെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കണമെന്നും പോസ്റ്ററിലുണ്ട്. ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, സി. ശിവൻകുട്ടി, എം. ഗണേശൻ തുടങ്ങിയ നേതാക്കൾക്കെതിരെയാണ് പോസ്റ്ററിൽ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ബിജെപി ജില്ലാ ഓഫിസ് ഉദ്ഘാടനം ചെയ്യാൻ ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഇന്ന് തിരുവനന്തപുരത്തെത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ഞായാറാഴ്ച രാത്രിയാണ് ജില്ലാ കമ്മറ്റി ഓഫീസിനു മുൻപിലും സംസ്ഥാന കമ്മറ്റി ഓഫീസിനും മുൻപിലും പോസ്റ്ററുകൾ പതിച്ചത്. എന്നാൽ ഇന്ന് രാവിലെ നേതാക്കൾ ഇടപെട്ട് പോസ്റ്ററുകൾ നീക്കം ചെയ്തു.
ഞായാറാഴ്ച രാവിലെയാണ് ജെ പി നദ്ദ കേരളത്തിലെത്തിയത്. ബിജെപി സംസ്ഥാന ഘടകത്തിൽ തമ്മിലടി രൂക്ഷമായതിനെ തുടർന്ന് പ്രശ്നപരിഹാരത്തിനായാണ് സന്ദർശനം. സെപ്റ്റംബർ 25, 26 തീയതികളിലായി രണ്ടു ദിവസമാണ് ദേശീയ അധ്യക്ഷൻ കേരളത്തിൽ ക്യാമ്പ് ചെയ്യുന്നത്. ദേശീയ അധ്യക്ഷൻ കേരളത്തിൽ തുടരുന്ന ദിവസം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയായി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ആകെയുണ്ടായിരുന്ന ഒരു സീറ്റിലും ബിജെപി പരാജയപ്പെട്ടു. എ പ്ലസ് എന്നവകാശപ്പെടുന്ന മണ്ഡലങ്ങളിൽ പോലും ബിജെപിയുടെ ജനപിന്തുണ കുറയുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും മകനും വിവാദങ്ങളിൽ അകപ്പെട്ടു. പാർട്ടിക്കുള്ളിൽ ഉള്ളവർപോലും നിലവിലുള്ള നേതൃത്വത്തിൻ്റെ തീരുമാനത്തിൽ അതൃപ്തരാണ് തുടങ്ങിയ കാര്യങ്ങളെല്ലാം ദേശീയ അധ്യക്ഷൻ പരിശോധിക്കും.