എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക നല്‍കും. കഴിഞ്ഞ ദിവസം കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രിയില്‍നിന്ന് തരൂരിൻ്റെ പ്രതിനിധി നാമനിര്‍ദേശപത്രിക വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് നാമനിര്‍ദേശ പത്രിക നല്കുന്ന തീയതി തരൂരിൻ്റെ അടുത്ത വൃത്തങ്ങള്‍ പരസ്യമാക്കിയത്.
നേരത്തെ സോണിയ ഗാന്ധിയെ കണ്ട് മത്സരത്തെക്കുറിച്ച് തരൂര്‍ ചര്‍ച്ച നടത്തിയിരുന്നു. ഹൈക്കമാന്‍ഡിൻ്റെ സമ്മര്‍ദത്തിനു വഴങ്ങിയ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് 28നു പത്രിക നല്‍കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഒക്ടോബര്‍ 17നാണ് തെരഞ്ഞെടുപ്പ്. 30 വരെ പത്രിക നല്‍കാം.
രാഹുല്‍ ഗാന്ധി മത്സരിക്കില്ലെന്നതാണ് ഇതുവരെയുള്ള നിലപാട്. നെഹ്റു കുടുംബത്തിന് പുറത്തുനിന്ന് കോണ്‍ഗ്രസിൻ്റെ ഒടുവിലത്തെ പ്രസിഡന്റ് സീതാറാം കേസരിയായിരുന്നു. 1998ല്‍ കേസരിയില്നിന്നാണ് സോണിയ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്. 2017 ഡിസംബര്‍ മുതല്‍ -2019 ആഗസ്ത് വരെ രാഹുല്‍ ഗാന്ധി പ്രസിഡന്റായിരുന്നു. പിന്നീട് സോണിയ വീണ്ടും അധ്യക്ഷയായി.