വീണ്ടും വിവാദ പ്രസ്താവനയുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീർ എംഎൽഎ. എൽജിബിടിക്കെതിരെ സംസാരിച്ചാൽ ഭ്രാന്തന്മാരാക്കി മാറ്റുന്നുവെന്ന് എം കെ മുനീർ പറഞ്ഞു. എൽജിബിടിയെ എതിർത്തതിന് പുരോഗമനവാദികൾ തനിക്കെതിരെ തിരിഞ്ഞുവെന്നും പോക്സോ അപ്രസക്തമാകും എന്ന് പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ചെന്നും എം കെ മുനീർ പറഞ്ഞു.
വിദേശരാജ്യങ്ങളിൽ എൽജിബിടി ആക്റ്റിവിസ്റ്റുകൾ അക്രമകാരികളാണ്. അവർക്കെതിരെ ശബ്ദിച്ചാൽ അവർ അടിച്ചു പൊളിക്കും. ഇവിടെയും അതു തന്നെയാണ് സ്ഥിതിയെന്നും 1969ലെ സ്റ്റോൺവാൾ പ്രക്ഷോഭം ഇതിന് ഉദാഹരണമെന്നും എം കെ മുനീർ പറഞ്ഞു. എല്ലാ മതങ്ങളും സ്വവർഗാനുരാഗത്തെ എതിർക്കുന്നു.
ഹിന്ദു, ക്രിസ്ത്യൻ മതഗ്രന്ഥങ്ങൾ സ്വവർഗാനുരാഗത്തിന് എതിരാണ്. എന്നാൽ ഇസ്ലാം മാത്രമാണ് എതിർക്കുന്നതെന്ന് സ്വവർഗാനുരാഗത്തെ വ്യാഖ്യാനിക്കുന്നു. മതമില്ലാത്ത ജീവൻ പോലെ മതരാഹിത്യത്തെ കടത്താൻ ശ്രമമെന്നും ഇതിന്റെ ഭാഗമാണ് ജെൻഡർ ന്യൂട്രൽ പരിഷ്കരണങ്ങളെന്നും എം കെ മുനീർ കൂട്ടിച്ചേർത്തു.
നേരത്തെ ആൺകുട്ടിയും മുതിർന്നയാളും ബന്ധപ്പെട്ടാൽ പോക്സോ കേസ് എന്തിന് എന്ന മുനീറിൻ്റെ പ്രസ്താവന വിവാദമായിരുന്നു.