കോൺഗ്രസ് നേതൃത്വമാണ് എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് ഇപ്പോൾ കൂടുതൽ വ്യക്തമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. എകെജി സെന്റർ ആക്രമണം നടത്തിയ കേസിൽ പ്രതി പിടിയിലായത്, ക്രൈംബ്രാഞ്ച് അന്വേഷണം കൃത്യതയോട് നടന്നു വരുന്നു എന്ന് തെളിയിക്കുന്നതാണ്. യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താൻ വേണ്ടി നടത്തിയിട്ടുള്ള പോലീസിൻ്റെ ശ്രമം വിജയിച്ചിരിക്കുന്നു എന്നത് വലിയ നേട്ടമാണ്. എകെജി സെൻറർ ആക്രമത്തിന് പിന്നിൽ സിപിഎം ആണെന്ന പ്രചാരമാണ് കോൺഗ്രസുകാർ അടിച്ചിറക്കിയിരുന്ന ആരോപണം. അന്ന് ഇപി പറഞ്ഞത് ശരിയെന്ന് തെളിഞ്ഞുവെന്നും കോൺഗ്രസിൻ്റെ പ്രചരണവേലകൾ പൊളിഞ്ഞെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
എകെജി സെൻറർ ആക്രമണക്കേസിൽ യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിനാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഇയാൾക്ക് ഉന്നത കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. പ്രതിയെ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യുകയാണ്. എകെജി സെൻററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ ശേഷം സ്കൂട്ടറിൽ ഗൗരീശ പട്ടത്തെത്തിയ ജിതിൻ കാറിൽ കയറിയാണ് രക്ഷപ്പെട്ടതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
ഡിയോ സ്കൂട്ടർ ഗൗരീശ പട്ടം വരെ ജിതിൻ ഓടിച്ചുപോയ സിസിടിവി ദൃശ്യങ്ങളും ക്രൈബ്രാഞ്ചിന് ലഭിച്ചു. അതിന് ശേഷം മറ്റൊരാളാണ് ഈ വാഹനം ഓടിക്കുന്നത്. അതിന്റെ പിന്നിൽ ഗൗരീശ പട്ടത്ത് വെച്ച് ഒരു കാറാണുള്ളത്. വാഹനം പരിശോധിച്ചപ്പോൾ ഇത് കെഎസ്ഇബിയുടെ ബോർഡ് വെച്ച കാറാണെന്നും ജിതിൻ്റെ ഉടമസ്ഥതയിലുള്ളതാണെന്നും ക്രൈംബ്രാഞ്ച് കണ്ടത്തി.
ജൂൺ മുപ്പതിന് രാത്രിയാണ് സ്കൂട്ടറിൽ എത്തിയ അക്രമി എകെജി സെന്ററിൽ സ്ഫോടകവസ്തുവെറിഞ്ഞത്. സിപിഎം കേന്ദ്ര കമ്മറ്റി അംഗങ്ങൾ ഉൾപ്പടെ നിരവധി നേതാക്കൾ എകെജി സെൻ്ററിൽ ഉഉണ്ടായിരുന്ന സമയത്തായിരുന്നു സംഭവം.