പോലീസ് ജീപ്പ് കണ്ട് ഭയന്നോടിയ കോൺഗ്രസ് നേതാവായ ജില്ലാ പഞ്ചായത്ത് അംഗത്തെ കണ്ടെത്തിയത് കുളത്തിൽ. വെള്ളനാട് ഡിവിഷൻ അംഗം വെള്ളനാട് ശശിയാണ് കുളത്തിൽ വീണത്. കഴിഞ്ഞ ദിവസം വെള്ളനാട് ശശിയെ കാണാതായതിന് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കുളത്തിൽ നിന്നും കണ്ടെത്തിയത്. കോട്ടവിളയിലെ കുളത്തിലായിരുന്നു ശശി ഉണ്ടായിരുന്നത്.
ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. രണ്ട് വാറന്റ് ഉള്ളതിനാൽ തന്നെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് വന്നതെന്ന് കരുതി ശശി ഓടി രക്ഷപ്പെടുകയായിരുന്നു. കോട്ടവിളയിലെ പുരയിടത്തിൽ നിൽക്കുന്നതിനിടെയാണ് സമീപത്തെ റോഡിൽ പൊലീസ് ജീപ്പ് നിർത്തുന്നത് കാണുന്നത്. ഉടനെ വീടിന് സമീപത്തെ കാടുപിടിച്ച വസ്തുവിലേക്ക് ഓടുകയും ശേഷം ഒരു വീട്ടിലേക്ക് കയറുകയുമായിരുന്നുവെന്ന് ശശി പറഞ്ഞു. തിരികെ വരുന്നതിനിടെ രക്ത സമ്മർദത്തിൽ വ്യത്യാസം ഉണ്ടായി ബോധരഹിതനായി കാടുപിടിച്ച പുരയിടത്തിൽ വീണു. രണ്ട് മണിക്കൂറിന് ശേഷം ബോധം വീണപ്പോൾ ആറ്റിൽ പോയി വസ്ത്രം കഴുകി തിരികെ നടക്കുന്നതിനിടെ കാൽവഴുതി കുളത്തിൽ വീഴുകയായിരുന്നു എന്നും ശശി വ്യക്തമാക്കി.
ആര്യനാട് പോലീസും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് ശശിയെ കണ്ടെത്തിയത്. ശശിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.