എ.പി.ജെ അബ്ദുള്‍ കലാം ടെക്നോളോജിക്കല്‍ യൂണിവേഴ്സിറ്റി ആദ്യ വിദ്യാര്‍ത്ഥി യൂണിയന് തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് മിന്നും വിജയം. 20ല്‍ 20 സീറ്റും നേടിയാണ് എസ് എഫ് ഐ യുടെ വിജയം. ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, വൈസ് ചെയര്മാന്, സ്റ്റുഡന്റ് കൗണ്‍സില്‍, യൂണിയന് എക്സികുട്ടീവ്, തുടങ്ങി പത്തൊമ്പത് സീറ്റുകളിലും എസ് എഫ് ഐക്ക് എതിരുണ്ടായില്ല. മത്സരം നടന്ന യൂണിയന് ചെയര്മാന് സ്ഥാനത്തേക്ക് എസ് എഫ് ഐ പ്രതിനിധി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
എസ്.എഫ്.ഐ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയംഗവും തൃശ്ശൂര്‍ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ നാലാം വര്‍ഷ ബി.ടെക് സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയുമായ അഞ്ജന കെയാണ് ജനറല്‍ സെക്രട്ടറി. വയനാട് ജില്ലാ കമ്മിറ്റിയംഗവും വയനാട് എഞ്ചിനീയറിംഗ് കോളേജിലെ നാലാം വര്‍ഷ ബി.ടെക് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിനിയുമായ അനശ്വര എസ് സുനിലാണ് ചെയര്മാന്.
ടെക്ക്നോളജിക്കല്‍ യൂണിവേഴ്സിറ്റി ക്യാമ്പസ് യൂണിയന് തെരഞ്ഞെടുപ്പിൻ്റെ വേളയിലായിരുന്നു ഇടുക്കി എഞ്ചിനിയറിങ്ങ് കോളേജില്‍ ധീരജിനെ കെ എസ് യു യൂത്ത് കോണ്‍ഗ്രസ് ക്രിമിനലുകള്‍ കൊലപ്പെടുത്തിയത്. എസ് എഫ് ഐയുടെ വിജയം ധീരജിൻ്റെ രക്തസാക്ഷിത്വത്തെ നിരന്തരം അവഹേളിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് ധീരജിൻ്റെ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ മറുപടിയാണെന്ന് എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി പറഞ്ഞു.