ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് പരാതി നൽകി. ബിനോയ് വിശ്വം എംപിയാണ് ഗവർണർക്കെതിരെ രാഷ്ട്രപതിക്ക് പരാതി നൽകിയത്. സംസ്ഥാന സർക്കാരിൻ്റെ ഭരണഘടനാ പ്രവർത്തനത്തിൽ ഗവർണർ ഇടപെടുന്നത് തടയണമെന്നും, ഭരണഘടനാതത്വങ്ങൾ പാലിക്കാൻ ഗവർണറെ ഉപദേശിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി നൽകിയത്.
സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകരിക്കാൻ തനിക്ക് താൽപര്യമില്ലെന്ന് ഗവർണർ വ്യക്തമാക്കി. സംസ്ഥാന സർക്കാരുമായി പരസ്യമായി ഏറ്റുമുട്ടുന്ന അദ്ദേഹത്തിൻ്റെ രീതി വ്യക്തമായും ഭരണഘടനാ വിരുദ്ധ നടപടിയാണ്. ഒരു ഗവർണർ എന്ന നിലയിൽ, ഭരണഘടനയും നിയമവും സംരക്ഷിക്കാനാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ ഗവർണർ തുരുമ്പെടുക്കുന്ന സ്വർണ്ണമായി മാറിയിരിക്കുന്നു.
ഫെഡറൽ സംവിധാനത്തിൽ ഗവർണർ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും ഇടയിലുള്ള ഒരു ഹൈഫനാണ്. സംസ്ഥാനതല സ്വയംഭരണം, അപകടകരമായ പ്രവിശ്യാവാദമല്ല, ഒരു പ്രത്യേക അനിവാര്യതയാണ്, നിഴൽ ജനാധിപത്യം ഭരണഘടനാ വിരുദ്ധമാണ്. ഗവർണർ സംസ്ഥാന രാഷ്ട്രീയത്തിൽ കർശനമായി നിഷ്പക്ഷനായിരിക്കണം. അല്ലാതെ ഉള്ളിൽ നിന്ന് രാഷ്ട്രീയം കളിക്കാൻ തൻ്റെ ഓഫീസ് ഉപയോഗിക്കരുത് എന്നും പരാതിയിലുണ്ട്.
സംസ്ഥാന സർക്കാരിനെ താഴെയിറക്കാൻ കേന്ദ്ര സർക്കാരിൻ്റെ താല്പര്യമനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കുന്നത് എന്ന ആരോപണം നിലനിൽക്കുന്നതിനിടയിലാണ് ഗവർണർക്കെതിരെ പരാതി നൽകിയത്. അതേസമയം മുഖ്യമന്ത്രിക്കെതിരെ തെളിവുകൾ പുറത്തുവിടുമെന്ന് രണ്ട് ദിവസമായി വെല്ലുവിളിച്ച ഗവർണർ തിങ്കളാഴ്ച പുറത്തുവിട്ടത് 2019ലെ ചരിത്ര കോൺഗ്രസിൽ നടന്ന പ്രതിഷേധത്തിൻ്റെ പഴയ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്ന മുഖ്യമന്ത്രിയുടെ പഴയ കത്തുകളുമാണ്. പൊതുസമൂഹത്തിൻ്റെ മുന്നിലുള്ള, മാധ്യമങ്ങൾ നേരത്തെ തന്നെ സംപ്രേഷണം ചെയ്ത ദൃശ്യങ്ങളാണ് ‘നിർണായക’ തെളിവുകളെന്ന പേരിൽ ഗവർണർ പുറത്തുവിട്ടത്. മുഖ്യമന്ത്രിക്കെതിരെ അസ്വാഭാവികമായ ഒരു തെളിവുപോലും ആരിഫ് മുഹമ്മദ് ഖാന് ഹാജരാക്കാനായിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിർണായക തെളിവുകൾ പുറത്തുവിടാൻ വാർത്താ സമ്മേളനം വിളിച്ച് പരിഹാസ്യനായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സോഷ്യൽമീഡിയയിൽ ട്രോളുകൾ വൈറലാണ്.