സംസ്ഥാന ബിജെപിയിൽ സംഘടനാ പ്രശ്നങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ദേശീയ അധ്യക്ഷൻ ജെ പി നദ്ദ കേരളത്തിലേക്ക്. സെപ്റ്റംബർ ഇരുപത്തിയഞ്ച്, ഇരുപത്തിയാറ് തീയതികളിലായി രണ്ടുദിവസമാണ് ജെ പി നദ്ദ കേരളത്തിൽ ക്യാമ്പ് ചെയ്യുക. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി കേരളാ ഘടകത്തിൽ സമ്പൂർണ അഴിച്ചുപണിയുണ്ടാകുമെന്നും സൂചനയുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ആകെയുണ്ടായിരുന്ന ഒരു സീറ്റിലും ബിജെപി പരാജയപ്പെട്ടു. എ പ്ലസ് എന്നവകാശപ്പെടുന്ന മണ്ഡലങ്ങളിൽ പോലും ബിജെപിയുടെ ജനപിന്തുണ കുറയുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും മകനും വിവാദങ്ങളിൽ അകപ്പെട്ടു. പാർട്ടിക്കുള്ളിൽ ഉള്ളവർപോലും നിലവിലുള്ള നേതൃത്വത്തിൻ്റെ തീരുമാനത്തിൽ അതൃപ്തരാണ് തുടങ്ങിയ കാര്യങ്ങളെല്ലാം ദേശീയ അധ്യക്ഷൻ പരിശോധിക്കും.
സംസ്ഥാന നേതൃത്വത്തിൻ്റെ പ്രവർത്തനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ദേശീയ അധ്യക്ഷൻ കേരളത്തിലേക്ക് വരുന്നത്. വിശ്വാസ്യതയുള്ള സംസ്ഥാന നേതൃത്വം കേരളത്തിലില്ലെന്നും കേരളത്തിൽ എത്തിയ മോദിക്ക് ഒരുവിഭാഗം നേതാക്കൾ റിപ്പോർട്ട് നൽകിയിരുന്നു.